തൃശൂർ: തെരുവുനായ വ്യാപനത്തിന് തടയിടാൻ വന്ധ്യംകരിച്ച നായക്കുട്ടികളെ വളർത്താൻ നൽകുന്ന 'എൻഡ് " (ഏർളി ന്യൂട്ടറിംഗ് ഇൻ ഡോഗ്‌സ് ) പദ്ധതി ഒന്നര പതിറ്റാണ്ടായിട്ടും നടപ്പായില്ല. എട്ട് മുതൽ 12 ആഴ്ച വരെ പ്രായമുള്ള നായക്കുട്ടികളെ വന്ധ്യംകരിച്ച് ആവശ്യക്കാർക്ക് നൽകുന്ന പദ്ധതിയാണിത്.
പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസിലെ ഡീനായിരുന്ന ഡോ.എം.കെ.നാരായണൻ മണ്ണുത്തി വെറ്ററിനറി കോളേജിലെ അദ്ധ്യാപകനായിരിക്കെ 2010ലാണ് പദ്ധതി ആവിഷ്‌കരിച്ചത്. മൃഗസംരക്ഷണവകുപ്പിന്റെ സഹായത്തോടെ നായ്ക്കളുടെ ജനനനിയന്ത്രണം സാദ്ധ്യമാക്കുകയായിരുന്നു ലക്ഷ്യം. 2012ൽ ഇപ്രകാരം 300 നായക്കുട്ടികളെ വിതരണം ചെയ്തു. ഇതിൽപ്പെട്ട ഒരു നായ 14 വർഷമായി കൊക്കാലെ മൃഗാശുപത്രിയിൽ കാവലാളായുണ്ട്. പെട്ടെന്ന് ഇണങ്ങുന്നതും രോഗപ്രതിരോധശേഷി കൂടുതലുള്ളതുമായ നാടൻ നായകളെ ഏറ്റെടുക്കാനും നിരവധി പേർ തയ്യാറായിരുന്നു. എന്നാൽ, ഇത് തുടർന്ന് നടപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ ശ്രമിച്ചില്ല.
എൻഡും എ.ബി.സിയും
''എൻഡും എ.ബി.സിയും (അനിമൽ ബർത്ത് കൺട്രോൾ പദ്ധതി) ഒന്നിച്ചു കൊണ്ടുപോയാൽ ഏറെ ഫലപ്രദമാകും. അഞ്ചു വർഷം കൊണ്ട് തെരുവുനായ്ക്കളെ നിയന്ത്രണവിധേയമാക്കാം. ഇതിനായി ജൈവമാലിന്യ സംസ്കരണം കൂടുതൽ ഫലപ്രദമാക്കുകയും വേണം. 1987ൽ അമേരിക്കയിലെ വെറ്ററിനറി ഡോക്ടറായ ലിയോ ലിബർമാനാണ് എൻഡ് പരീക്ഷിച്ച് വിജയിപ്പിച്ചത്. ""
-ഡോ.എം.കെ.നാരായണൻ.
തെരുവു നായ്ക്കളുടെയും വളർത്തുനായ്ക്കളുടെയും വന്ധ്യംകരണത്തിന് ഊന്നൽകൊടുക്കുന്ന നിയമമാണ് എ.ബി.സി ഡോഗ്സ് റൂൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |