കൊച്ചി: ക്ലബ്ബുകളും അസോസിയേഷനുകളും അംഗങ്ങൾക്കു നൽകുന്ന സേവനങ്ങൾക്ക് ജി.എസ്.ടി ഈടാക്കാനുള്ള നിയമഭേഗതി ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഐ.എം.എ കേരള ഘടകം അംഗങ്ങൾക്ക് ലഭ്യമാക്കുന്ന സാമൂഹിക സുരക്ഷ സ്കീമിനടക്കം ജി.എസ്.ടി ഏർപ്പെടുത്തിയതിനെ ചോദ്യം ചെയ്തു നൽകിയ അപ്പീലിലാണ് ഡിവിഷൻബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് ഡോ.എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി.
സി.ജി.എസ്.ടി, കെ.ജി.എസ്.ടി നിയമങ്ങളിൽ സർക്കാർ വരുത്തിയ ഭേദഗതിക്കെതിരായ ഐ.എം.എയുടെ അപ്പീൽ അനുവദിച്ച ഡിവിഷൻ ബെഞ്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അപ്പീലുകൾ നിരാകരിച്ചു.
ക്ലബുകളും അസോസിയേഷനുകളും അംഗങ്ങൾക്കു നൽകുന്ന സേവനങ്ങൾക്ക് 2021ൽ നികുതി ഏർപ്പെടുത്തിയിരുന്നു. 2017 ജൂലായ് മുതൽ മുൻകാല പ്രാബല്യത്തോടെയാണിത്. ജി.എസ്.ടി ഒഴിവാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ജപ്തി തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഐ.എം.എയുടെ ഹർജി. മുൻകാല പ്രാബല്യത്തിന്റെ വ്യവസ്ഥ നേരത്തെ റദ്ദാക്കിയെങ്കിലും ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന വാദം സിംഗിൾബെഞ്ച് തള്ളിയിരുന്നു. തുടർന്നാണ് അപ്പീൽ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |