തിരുവനന്തപുരം: രാഷ്ട്രപതി തള്ളിയ ബില്ലിലെ വ്യവസ്ഥകളനുസരിച്ച് വെറ്ററിനറി സർവകലാശാലാ വൈസ്ചാൻസലർ നിയമനം നടത്താനുള്ള സർക്കാർ നീക്കത്തിന് തടയിട്ട് ഗവർണർ. 15ന് നിശ്ചയിച്ച സെർച്ച്കമ്മിറ്റി യോഗത്തിലേക്ക് യു.ജി.സി, അഗ്രികൾച്ചർ കൗൺസിൽ പ്രതിനിധികളെ അയയ്ക്കരുതെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ടു. ഇതോടെ സർക്കാർ നിർദ്ദേശപ്രകാരം യോഗം മാറ്റിവച്ചു.
ഗവർണറെ മറികടന്നും അദ്ദേഹത്തിന്റെ പ്രതിനിധിയില്ലാതെയും സർക്കാരാണ് അഞ്ചംഗ സെർച്ച്കമ്മിറ്റി രൂപീകരിച്ചത്. കേന്ദ്രപ്രതിനിധികൾ പിന്മാറിയാൽ സെർച്ച്കമ്മിറ്റി നിലനിൽക്കില്ല. ഒക്ടോബറിൽ രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധിയും കഴിയാറായി. തിരുവനന്തപുരത്ത് സെർച്ച്കമ്മിറ്റിയോഗം ചേർന്ന് വി.സി നിയമനത്തിന് പാനൽ ഗവർണർക്ക് നൽകാനായിരുന്നു നീക്കം. കേന്ദ്ര പ്രതിനിധികൾക്കായി വിമാനടിക്കറ്റും നൽകിയിരുന്നു. ബിൽ രാഷ്ട്രപതി തള്ളിയതോടെ നിയമഭേദഗതിക്ക് സാധുതയില്ലെന്നും ഇല്ലാത്ത അധികാരമുപയോഗിച്ചാണ് സർക്കാർ സെർച്ച്കമ്മിറ്റിയുണ്ടാക്കിയതെന്നും ഗവർണർ കേന്ദ്രത്തെ അറിയിച്ചതായാണ് സൂചന. ഇതോടെ പ്രതിനിധികളെ വിലക്കുകയായിരുന്നു.
സർക്കാരിന്റെ ഉപദേശപ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെങ്കിലും സെർച്ച്കമ്മിറ്റി നിയമപരമല്ലാത്തതിനാൽ പാനൽ തള്ളാൻ ഗവർണർക്ക് കഴിയുമായിരുന്നു. ഇത് വിലയിരുത്തിയാണ് സർക്കാരിന്റെ പിന്മാറ്റം. നിലവിലെ നിയമപ്രകാരം ഗവർണറാണ് സെർച്ച്കമ്മിറ്റി രൂപീകരിക്കേണ്ടത്. യൂണിവേഴ്സിറ്റി നിയമപ്രകാരം ഗവർണറുടെ പ്രതിനിധി സെർച്ച്‌കമ്മിറ്റിയിലുണ്ടാവണം. ഇതുമറികടന്ന് പ്രൊഫ.നീലിമ ഗുപ്ത (യു.ജി.സി പ്രതിനിധി), ഡോ.ബി.ഇഖ്ബാൽ (വാഴ്സിറ്റി പ്രതിനിധി), പ്രൊഫ.പി.രാജേന്ദ്രൻ (സർക്കാർ പ്രതിനിധി), പ്രൊഫ.രമൺ സുകുമാർ (ഉന്നതവിദ്യാഭ്യാസ കൗൺസിൽ പ്രതിനിധി), ഡോ.രാഘവേന്ദ്ര ഭാട്ട (ഐ.സി.എ.ആർ പ്രതിനിധി) എന്നിവരടങ്ങിയ സെർച്ച്കമ്മിറ്റി സർക്കാർ രൂപീകരിച്ചു. നേരത്തേ ഗവർണറുടെ ആവശ്യപ്രകാരം പ്രൊഫ.നീലിമ ഗുപ്തയുടെ പേര് യു.ജി.സി നൽകിയിരുന്നു. സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് രണ്ടാമതും ഈപേര് നൽകി. യു.ജി.സിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതിനിധിയെ അനുവദിപ്പിച്ചതെന്നാണ് ഗവർണറുടെ നിലപാട്. അതേസമയം, ഗവർണറുമായുള്ള നല്ലബന്ധം ഇല്ലാതാക്കാതിരിക്കാനാണ് യോഗം മാറ്റിയതെന്നാണ് സർക്കാർ പറയുന്നത്.
സർക്കാർ പയറ്റിയ അതേ തന്ത്രം
സർവകലാശാലാ നിയമപ്രകാരം സെർച്ച്കമ്മിറ്റികളിൽ സെനറ്റ്/ സിൻഡിക്കേറ്റ് പ്രതിനിധി നിർബന്ധമാണ്.
ഗവർണർ രൂപീകരിച്ച കമ്മിറ്റികളിൽ പ്രതിനിധിയെ നൽകിയിരുന്നില്ല
ഗവർണർ രൂപീകരിച്ച സെർച്ച്കമ്മിറ്റിക്ക് ബദലായി സർക്കാർ സ്വന്തം സെർച്ച്കമ്മിറ്റിയുണ്ടാക്കി. മിക്കതും കേസിൽ കുരുങ്ങി. നിലവിൽ 13 സർവകലാശാലകളിൽ വി.സിമാരില്ല
വൈസ്ചാൻസലർ നിയമനത്തിൽ ചാൻസലറാണ് തീരുമാനമെടുക്കേണ്ടതെന്നും അത് അന്തിമമാണെന്നും സുപ്രീംകോടതി ഉത്തരവുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |