തിരുവനന്തപുരം: പരിധി വിടുന്ന കേരള സർവ്വകലാശാല പ്രശ്നം പരിഹരിക്കാനുള്ള സർക്കാർ
ശ്രമങ്ങൾക്കിടെ,തന്റെ സസ്പെൻഷൻ അംഗീകരിക്കാത്ത രജിസ്ട്രാറുടെ നടപടിക്കെതിരെ കടുത്ത നീക്കവുമായി വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മേൽ.സസ്പെൻഷൻ കാലയളവിലെ രജിസ്ട്രാറുടെ ശമ്പളം തടഞ്ഞു വയ്ക്കാൻ വിസി സർവ്വകലാശാല ഫൈനാൻസ് ഓഫീസർക്ക് ഇന്നലെ നിർദ്ദേശം നൽകി.
ജൂലായ് 2നാണ് രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ ഉത്തരവ് രജിസ്ട്രാർ അനുസരിച്ചില്ല.വൈസ് ചാൻസലറില്ലാതെ ചേർന്ന സിൻഡിക്കേറ്റ് യോഗം തന്റെ സസ്പെൻഷൻ റദ്ദാക്കിയെന്നാണ് രജിസ്ട്രാറുടെ വാദം.അദ്ദേഹം തുടർന്നും ഓഫീസിലെത്തുകയും ഫയലുകൾ ഒപ്പിടാൻ ശ്രമിക്കുകയും ചെയ്തു. വാഹനം തിരികെ ഏൽപ്പിക്കണമെന്ന വി.സി.യുടെ നിർദ്ദേശവും പാലിച്ചില്ല.സസ്പെൻഷൻ നടപടി റദ്ദാക്കണമെന്ന അപേക്ഷയും വി.സിക്ക് സമർപ്പിച്ചില്ല.ഇതോടെയാണ് സസ്പെൻഷൻ കാലയളവിലെ ശമ്പളം നൽകേണ്ടതില്ലെന്ന വി.സി.യുടെ നിർദ്ദേശം..
സർവ്വകലാശാലയിലെ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതനുസരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു നേരിട്ട് വൈസ് ചാൻസലറുമായി ചർച്ച നടത്തി.എന്നാൽ രജിസ്ട്രാർ സസ്പെൻഷൻ അനുസരിക്കുകയും അത് റദ്ദാക്കണമെന്ന അപേക്ഷ നൽകുകയും ചെയ്യാതെ പ്രശ്നം തീരില്ലെന്ന നിലപാടിലാണ് വി.സി. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പ്രശ്ന പരിഹാര സാദ്ധ്യത തേടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വി.സിയുടെ സാന്നിധ്യമില്ലാത്ത സിൻഡിക്കേറ്റ് തീരുമാനങ്ങൾ അസാധുവാണെന്ന നിലപാടിലാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് പെയർമാൻ ഡോ.രാജൻ ഗുരുക്കളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |