തിരുവനന്തപുരം: കാട്ടാനയുടെ ആക്രമണത്തിൽ ഈ വർഷം മരിച്ചത് 18 പേർ. ജനുവരിക്ക് ശേഷം 8 പേർ കൊല്ലപ്പെട്ടു. കടുവ, കാട്ടുപന്നി, പാമ്പ് എന്നിവയുടെ ആക്രമണങ്ങളിൽ സംസ്ഥാനത്ത് 60 പേരും മരണമടഞ്ഞു. മരിച്ചവരുടെ ആശ്രിതർക്ക് അടിയന്തര സഹായമായി 5 ലക്ഷവും പിന്നീട് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് അനുസരിച്ച് 5 ലക്ഷവും അനുവദിക്കും. ഇത്തരത്തിൽ ഈ വർഷം 1.5 കോടി രൂപ നൽകിയിട്ടുണ്ടെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.
2016- 2025ൽ 200 പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2023-24ൽ 22 പേരും കൊല്ലപ്പെട്ടു. 94 പേരാണ് 2023-24ൽ വന്യജീവി ആക്രമണത്തിൽ മരിച്ചത്. ഈ കാലയളവിൽ 21.79 കോടി രൂപ നഷ്ടപരിഹാരം നൽകി. കേന്ദ്ര സർക്കാരിന്റെ പ്രോജക്ട് എലിഫന്റ്, ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഒഫ് വൈൽഡ്ലൈഫ് ഹാബിറ്റാറ്റ് പദ്ധതികളിൽ നിന്നുള്ള വിഹിതം കൂടി ഉൾപ്പെടുത്തിയാണ് നഷ്ടപരിഹാരം നൽകിയതെങ്കിലും 74.51 ലക്ഷം മാത്രമാണ് കഴിഞ്ഞ വർഷം കേന്ദ്ര വിഹിതം ലഭിച്ചത്.
വന്യജീവി സംഘർഷം സംസ്ഥാനത്തിന്റെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ 620 കോടിയുടെ പ്രത്യേക പാക്കേജിന് അനുമതി തേടി കേന്ദ്രത്തിന് ശുപാർശ നൽകിയിരുന്നെങ്കിലും അംഗീകരിച്ചില്ല. പ്രശ്ന പരിഹാരത്തിന് സംസ്ഥാനം ബഡ്ജറ്റ് വിഹിതം വകയിരുത്തണമെന്നാണ് കേന്ദ്ര നിലപാട്.
1793 കാട്ടാനകൾ
2024ലെ സെൻസസ് പ്രകാരം സംസ്ഥാനത്ത് 1793 കാട്ടാനകളുണ്ട്
273 ഹോട്ട്സ്പോട്ടുകൾ, 30 പഞ്ചായത്തുകളിൽ വന്യജീവി സംഘർഷം അതിരൂക്ഷം
26 ദ്രുതകർമ്മ സേനകൾ, 10 മിഷൻ പദ്ധതികൾ, ഏകോപിപ്പിക്കാൻ സംസ്ഥാന, ജില്ലാതല കൺട്രോൾ റൂമുകൾ
സംഘർഷം രൂക്ഷമായ മേഖലകളിൽ നിരീക്ഷണത്തിന് ക്യാമറകളുണ്ടെങ്കിലും നിബിഡ വനത്തിൽ ഇവ ഫലപ്രദമല്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |