ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷൽ ഹെഡ് അബ്‌ദുൾ റൗഫ് അസറിനെ ഇന്ത്യൻ സേന വധിച്ചു. ജെയ്ഷെ തലവൻ മസൂദ് അസറിന്റെ സഹോദരനാണ്. ഓപ്പറേഷൻ സിന്ദൂറിൽ മസൂദിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ റൗഫ് അസറുണ്ടെന്ന് സ്ഥിരീകരിച്ചു. ഇത് പാകിസ്ഥാന് മുഖമടച്ച പ്രഹരവുമായി.
ബഹാവൽപൂരിൽ ബുധനാഴ്ച നടന്ന സംസ്‌കാര ചടങ്ങിൽ പാക് സേനയിലെയും ഐ.എസ്.ഐയുടെയും ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഇത് ഭീകരർക്ക് പാകിസ്ഥാൻ നൽകുന്ന പിന്തുണയുടെ തെളിവായി.
ഭീകരതയ്‌ക്കെതിരെ രാജ്യം നടത്തുന്ന പോരാട്ടത്തിന്റെ മിന്നും ഏടാണ് ബഹാവൽപൂരിലേത്. മസൂദ് അസറിന്റെ കരുത്തായിരുന്നു റൗഫ്. നിഴലായി കൂടെയുണ്ടായിരുന്ന ആൾ. ഭീകരാക്രമണ പദ്ധതികൾ ആസൂത്രണം ചെയ്‌ത് നടപ്പാക്കുന്നതിൽ വിദഗ്ദ്ധനായിരുന്നു റൗഫ്. നിശബ്‌ദമായി പ്രവർത്തിക്കുന്ന ഭീകരൻ.
2002ൽ രാജ്യാന്തര സമ്മർദ്ദത്തെ തുടർന്ന് ജെയ്ഷെ മുഹമ്മദിനെ പാകിസ്ഥാൻ മനസില്ലാ മനസോടെ നിരോധിച്ചെങ്കിലും അഭയവും പിന്തുണയും ആവോളം തുടർന്നു. ഭീകരർക്ക് സുരക്ഷിത താവളങ്ങളൊരുക്കി. ഭീകരസംഘടനയുടെ ധനശേഖരണം, റിക്രൂട്ട്മെന്റ് തുടങ്ങിയവയിലുൾപ്പെടെ റൗഫ് ചുക്കാൻ പിടിച്ചിരുന്നു.
കാണ്ഡഹാർ അദ്ധ്യായം
ഇന്ത്യൻ ജയിലിലായിരുന്ന മസൂദ് അസറടക്കം 36 ഭീകരരെ മോചിപ്പിക്കാനാണ് 1999 ഡിസംബറിൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയത്. ഹർക്കത്തുൽ മുജാഹിദിലെ അഞ്ച് ഭീകരരായിരുന്നു സംഘത്തിൽ. കാഠ്ണ്ഡുവിൽ നിന്ന് ഡൽഹിക്ക് വന്ന വിമാനത്തെ കാണ്ഡഹാറിലേക്ക് റാഞ്ചിക്കൊണ്ടുപോയി. 179 യാത്രക്കാരുൾപ്പെടെ 190 പേർ വിമാനത്തിലുണ്ടായിരുന്നു. സമ്മർദ്ദത്തിലായ കേന്ദ്രസർക്കാർ മസൂദ് അസറിനെ ഉൾപ്പെടെ മൂന്ന് ഭീകരരെ മോചിപ്പിച്ചു. തൊട്ടടുത്ത വർഷം മസൂദ് അസർ ജെയ്ഷെ മുഹമ്മദ് രൂപീകരിച്ചു.
പത്താൻകോട്ട് - പാർലമെന്റ് ആക്രമങ്ങളുടെ സൂത്രധാരൻ
1999ലെ കാണ്ഡഹാർ വിമാനറാഞ്ചൽ തന്ത്രം മെനഞ്ഞു
പത്താൻകോട്ട് - പാർലമെന്റ് ആക്രമണങ്ങളിൽ ഇന്ത്യ തെരയുന്ന ഭീകരൻ
2008ലെ മുംബയ് ഭീകരാക്രമണത്തിലും പങ്ക്
2005ൽ അയോദ്ധ്യയിൽ ആക്രമണത്തിന് ശ്രമിച്ചു
യു.എസ് ഭീകരനായി പ്രഖ്യാപിച്ചിരുന്നു
ഐക്യരാഷ്‌ട്ര സഭ ഇയാളെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനെ ചൈന എതിർത്തിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |