ന്യൂഡൽഹി: ഇരുപത്തിനാലു മണിക്കൂറും സജീവമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയായ ഡൽഹിയിലെ 7, ലോക് കല്യാൺ മാർഗ്. പഹൽഗാം ആക്രമണത്തിനു ശേഷം, അതിർത്തി കടന്നുള്ള ഭീകരതയ്‌ക്ക് കനത്ത മറുപടി നൽകാൻ തീരുമാനിച്ചപ്പോൾ മുതൽ മോദി നിരന്തരം കേന്ദ്രമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുന്നു. സംയുക്ത സേനാ മേധാവിയുമായും, മൂന്ന് സേനാ മേധാവിമാരുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തിയാണ് ഓപ്പറേഷൻ സിന്ദൂറിന് അന്തിമരൂപം നൽകിയത്. സേനാ നീക്കം അപ്പപ്പോൾ പ്രധാനമന്ത്രി നിരീക്ഷിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി മൻമോഹൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. പാകിസ്ഥാൻ അടിച്ചാൽ തിരിച്ചടിക്കുമെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് രാജ്യം. സേനയ്‌ക്ക് പൂർണ സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്ന് പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാർക്ക് നിർദ്ദേശം നൽകി.
മോദി- ഡോവൽ രസതന്ത്രം
2019ലെ ബലാക്കോട്ട് മിന്നലാക്രമണത്തിലടക്കം ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും മോദിയുമായുള്ള രസതന്ത്രം ഓപ്പറേഷൻ സിന്ദൂറിലും ആവർത്തിക്കുകയാണ്. മോദിയുടെ ഏറ്റവും വിശ്വസ്‌തനെന്ന് അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ് ഡോവൽ
ഇന്നലെയും ഇരുവരും കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. പാകിസ്ഥാന്റെ ഭാഗത്തു നിന്ന് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണശ്രമമുണ്ടായതും അതിനെ ഫലപ്രദമായി പ്രതിരോധിച്ചതും ഡോവൽ വിശദീകരിച്ചു. ഒരു മണിക്കൂറോളം ഇരുവരും സുരക്ഷാ സാഹചര്യം അവലോകനം ചെയ്‌തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |