പാലക്കാട്: സി.പി.ഐ വിമതരുടെ പരിപാടി ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ വി.ടി.ബൽറാം. സേവ് സി.പി.ഐ പട്ടാമ്പി മണ്ഡലം സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവുമാണ് ബൽറാം ഉദ്ഘാടനം ചെയ്തത്. വെള്ളിയാഴ്ചയായിരുന്നു പരിപാടി. ഉദ്ഘാടനത്തിന് കോൺഗ്രസ് നേതാവിനെ ക്ഷണിച്ച സി.പി.ഐ വിമതരുടെ നീക്കം, വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പരിപാടിയിൽ പങ്കെടുക്കുമെന്ന വി.ടി.ബൽറാമിന്റെ നിലപാടിനെതിരെയും വിമർശനമുയർന്നിരുന്നു. ഇത് രാഷ്ട്രീയ പരിപാടിയല്ലെന്നും സി.പി.ഐയിൽ നിന്ന് വിവേചനം നേരിട്ട, പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ഒരു വിഭാഗം ആളുകളുടെ പരിപാടിയാണെന്നും അതിൽ രാഷ്ട്രീയമില്ലെന്നും ബൽറാം പ്രതികരിച്ചിരുന്നു.
ഉദ്ഘാടന ശേഷവും വി.ടി.ബൽറാം സമൂഹ മാദ്ധ്യമത്തിലൂടെ പ്രതികരിച്ചു. തങ്ങളാണ് യഥാർത്ഥ സി.പി.ഐയെന്ന് അവകാശപ്പെട്ടാണ് സേവ് സി.പി.ഐ പട്ടാമ്പി മണ്ഡലം നേതൃത്വത്തിനെതിരെ പ്രവർത്തിക്കുന്നത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് വിമതർ ജില്ലയിൽ സമാന്തര സംഘടന രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്. പുറത്താക്കിയാൽ യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ മറ്റു പാർട്ടികളിൽ ചേരുമെന്ന ധാരണ ചിലർക്കുണ്ടെന്നും എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പഴയ പാർട്ടിയാക്കി മാറ്റുന്നത് വരെ പോരാട്ടം തുടരുമെന്നും മണ്ണാർക്കാട് മണ്ഡലം മുൻ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ പാലോട് മണികണ്ഠൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |