തിരുവനന്തപുരം: കേരളം കടക്കെണിയിലാണെന്നും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചിലർ പ്രചരിപ്പിക്കുന്നതിൽ വസ്തുതയുടെ കണികപോലുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിസർവ് ബാങ്കിന്റെ കണക്ക് പ്രകാരം കടവും ആഭ്യന്തര വരുമാനവും തമ്മിലെ അനുപാതം മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാൾ കുറവാണ്. അത് ഇനിയും കുറയുമെന്നും സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് പ്രമുഖ വ്യക്തികളുമായി നടത്തിയ ജില്ലാതല സംവാദം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങൾ അറിയരുതെന്ന നിർബന്ധമാണ് ചിലർക്ക്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി, കടക്കെണി, ഒരു പദ്ധതിയും നടപ്പാകുന്നില്ല തുടങ്ങിയവയാണ് അവരുടെ പ്രചാരണം.കേരളത്തിന്റെ സ്ഥിതി മറിച്ചാണെന്ന് റിസർവ് ബാങ്കാണ് പറയുന്നത്. കേരളത്തിൽ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 2022-23ൽ 35.38 ശതമാനമായിരുന്നത് 2023-24ൽ 34.2 ശതമാനമായി കുറഞ്ഞു. കേന്ദ്രത്തിൽ ഇത് 56 ശതമാനമാണ്. സംസ്ഥാനത്തെ ചിട്ടയായ ധനകാര്യ മാനേജ്‌മെന്റാണ് ഇതിനു പ്രധാന കാരണം. 2021-25 കാലയളവിൽ കേരളത്തിന്റെ കടത്തിന്റെ വളർച്ച 9.8 ശതമാനമായിരുന്നപ്പോൾ ആഭ്യന്തര ഉത്പാദനം 13.5 ശതമാനമായി ഉയർത്താനായി. ഇത് കേരളം കടക്കെണിയിലല്ലെന്നു വ്യക്തമാക്കും. എന്നിട്ടും ആഭ്യന്തര ഉത്പാദനത്തിന്റെ 3.5 ശതമാനം കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ല.
നികുതി,നികുതിയേതര വരുമാനം ഉപയോഗിച്ച് റവന്യു ചെലവിന്റെ 62 ശതമാനം വരെ വഹിക്കാൻ കേരളത്തിന് കഴിയുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ജി.ആർ.അനിൽ, എ.എ.റഹീം എം.പി, എം.എൽ.എമാരായ കെ.ആൻസലൻ, വി.ജോയി, സി.കെ.ഹരീന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, ഡി.കെ.മുരളി, വി.ശശി, വി.കെ.പ്രശാന്ത്, കളക്ടർ അനുകുമാരി, മേയർ ആര്യ രാജേന്ദ്രൻ, ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ.വി.കെ.രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |