കൊച്ചി: വിവാദമായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഒഫ് കേരള' എന്ന സിനിമയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. സിനിമയുടെ പേര് മാറ്റാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിച്ചു. പേര് വി ജാനകി എന്ന് മാറ്റാമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്. ചിത്രത്തിൽ രണ്ട് മാറ്റങ്ങൾ വരുത്താമെങ്കിൽ അനുമതി നൽകാമെന്ന് സെൻസർ ബോർഡ് ഇന്ന് രാവിലെ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. ഉച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമ്പോൾ അഭിപ്രായം അറിയിക്കാൻ ജസ്റ്റിസ് എൻ നഗരേഷ് സിനിമയുടെ നിർമാതാക്കളോട് നിർദേശിച്ചിരുന്നു.
ചിത്രത്തിലെ പേരിനൊപ്പം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനിഷ്യൽ കൂടി ചേർത്ത് 'വി. ജാനകി' എന്നോ 'ജാനകി.വി' എന്നോ ആക്കുകയാണ് സെൻസർ ബോർഡ് മുന്നോട്ടുവച്ചതിൽ ഒരു മാറ്റം. കോടതി രംഗങ്ങളിൽ ജാനകി എന്ന പേര് പറയുന്നത് മ്യൂട്ട് ചെയ്യുക എന്നതാണ് രണ്ടാമത്തെ മാറ്റം. ഈ രണ്ട് മാറ്റങ്ങളും നിർമ്മാതാക്കൾ സമ്മതിക്കുകയായിരുന്നു.
ജാനകി എന്ന പേര് സിനിമയുടെ നിർമ്മാതാക്കൾ ഉപയോഗിച്ചത് മനഃപ്പൂർവ്വം എന്നാണ് സെൻസർ ബോർഡ് സത്യവാങ്ങ്മൂലത്തിൽ പറയുന്നത്. രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും. കോടതി രംഗങ്ങളിൽ ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ, പേണോഗ്രാഫിക് വീഡിയോ കാണുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ് വ്യക്തമാക്കുകയായിരുന്നു. നേരത്തേ 96 മാറ്റങ്ങൾ വരുത്തിയാൽ അനുമതി നൽകാമെന്ന് സെൻസർ ബോർഡ് നിർദേശിച്ചിരുന്നത്.
കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടുകയാണോയെന്നും 'ജാനകി' എന്ന പേര് ആരുടെ വികാരമാണ് വ്രണപ്പെടുത്തുന്നതെന്നും സെൻസർ ബോർഡിനോട് ഹൈക്കോടതി നേരത്തെ കേസ് പരിഗണിക്കവെ ചോദിച്ചിരുന്നു. 'ജാനകി' എന്ന പേര് സിനിമയുടെ ടൈറ്റിലിലും സംഭാഷണത്തിലും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിന് വ്യക്തമായ കാരണമറിയിക്കാനും ജസ്റ്റിസ് എൻ. നഗരേഷ് നിർദ്ദേശിച്ചിരുന്നു. തുടർന്ന് ശനിയാഴ്ച സിനിമ കണ്ടതിനുശേഷം ഹർജികൾ പരിഗണിക്കാമെന്ന് ഹൈക്കോടതി അറിച്ചു. കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തുമണിയോടെ പാലാരിവട്ടം ലാൽ മീഡിയയിൽ ജസ്റ്റിസ് എൻ നഗരേഷിന് മുൻപാകെ സിനിമ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |