തിരുവനന്തപുരം: അമിതമായി ഗുളികകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീചിത്രാഹോമിലെ മൂന്ന് പെൺകുട്ടികൾ ചികിത്സയിൽ. 16,15,12 വയസ് പ്രായമുള്ള കുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാളെ എസ്.എ.ടിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
രണ്ടാഴ്ച മുമ്പാണ് സി.ഡബ്ലിയു.സി മുഖേന ഇവർ ശ്രീചിത്രാഹോമിലെത്തിയത്. രണ്ടു പേർ ഒമ്പതാം ക്ലാസിലും ഒരാൾ ആറിലുമാണ് പഠിക്കുന്നത്. റാഗിംഗിനെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. എന്നാൽ ഇക്കാര്യം സൂപ്രണ്ട് വി. ബിന്ദു നിഷേധിച്ചു. കുട്ടികൾ വീട്ടിൽ പോകണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. മടങ്ങാനാവാത്തതിലെ പ്രയാസം കാരണമാണ് അവർ ഗുളിക കഴിച്ചതെന്നും ബിന്ദു പറഞ്ഞു.
പാരസെറ്റാമോളും വിറ്റാമിൻ ഗുളികകളുമാണ് കഴിച്ചതെന്നും കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചതായി പൊലീസ് പറഞ്ഞു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും പൊലീസ് നടപടി. ബാലാവകാശ കമ്മിഷൻ അംഗം എൻ. സുനന്ദ ഇന്നലെ ശ്രീചിത്രാഹോം സന്ദർശിച്ചു.
'മതിൽ ചാടുമെന്ന് പറഞ്ഞിരുന്നു"
വീട്ടിൽ പോകണമെന്ന് കുട്ടികൾ വാശിപിടിച്ചിരുന്നതായി ശ്രീചിത്രാഹോം സൂപ്രണ്ട് വി. ബിന്ദു പറഞ്ഞു. സി.ഡബ്ളിയു.സിയിൽ നിന്ന് ഓഡർ വാങ്ങിയാൽ കുട്ടിയെ അയയ്ക്കാമെന്ന് ബന്ധുവിനെ അറിയിച്ചിരുന്നു. എന്നാൽ സുരക്ഷിതമല്ലാത്ത കുടുംബസാഹചര്യമായതിനാൽ കുട്ടികളെ അയയ്ക്കില്ലെന്നാണ് സി.ഡബ്ളിയു.സി അറിയിച്ചത്. ഇവിടെ നിൽക്കാൻ ഇഷ്ടമില്ലെന്നും മതിൽചാടി പോകുമെന്നും ഒമ്പതാംക്ളാസിലുള്ളവർ പറഞ്ഞിരുന്നു. ഇതിനെ ഒപ്പമുണ്ടായിരുന്ന ആറാംക്ളാസുകാരിയായ കുട്ടി കളിയാക്കി. പിന്നീട് ഇവർ തമ്മിൽ കൂട്ടായി. കഴിഞ്ഞദിവസം രാത്രി ഭക്ഷണ ശേഷം പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി ചോദിച്ചപ്പോഴാണ് ഗുളിക കഴിച്ചവിവരം വെളിപ്പെടുത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെന്നും സൂപ്രണ്ട് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |