കോഴിക്കോട്: ഗവർണർമാരെ വച്ച് രാഷ്ട്രീയം കളിക്കുകയാണ് മോദിസർക്കാരെന്ന് എ.ഐ.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ബില്ലുകൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നു. ബില്ലുകൾ പാസാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയെ മാനിക്കാത്ത അഭിപ്രായ പ്രകടനമാണ് കേരള ഗവർണർ നടത്തിയതെന്നും കോഴിക്കോട് ഡി.സി.സി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് കെ.സി വേണുഗോപാൽ പറഞ്ഞു. വഖഫ് ഭേദഗതിയിലൂടെ മതസൗഹാർദ്ദം തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. വഖഫ് ബോർഡിൽ മുസ്ലിങ്ങളല്ലാത്തവരുമുണ്ടാകണമെന്നത് അവരുടെ വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണ്. ദേവസ്വം ബോർഡുകളിൽ ഇത് നടക്കുമോ?. മുസ്ലിങ്ങൾ കഴിഞ്ഞാൽ അടുത്ത ഇര ക്രിസ്ത്യാനികളായിരിക്കും. ഇതിന് തെളിവാണ് മുസ്ലിങ്ങളെക്കാൾ കൂടുതൽ ഭൂമി ക്രിസ്ത്യാനികളുടെ കെെവശമാണെന്ന ആർ.എസ്.എസ് മുഖപത്രം ഓർഗനെെസറിന്റെ കണ്ടെത്തൽ. ഛത്തീസ് ഗഢിലും രാജസ്ഥാനിലുമൊക്കെ ക്രെെസ്തവർക്കെതിരെ പ്രവർത്തിച്ചു. കേരളത്തിൽ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കാനാണ് ശ്രമം. വഖഫ് നിയമം ഉപയോഗിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ബി.ജെ.പി ശ്രമം. ഈ അജണ്ട പുറത്തായോ എന്ന പേടിയാണ് എമ്പുരാനെതിരെ തിരിയാൻ അവരെ പ്രേരിപ്പിച്ചതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എം.എൽ.എ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, മുസ്ലിം ലീഗ് അഖിലേന്ത്യാ ജന.സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം.സുധീരൻ, എം.എം.ഹസൻ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, ഷാഫി പറമ്പിൽ തുടങ്ങിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |