തിരുവനന്തപുരം: സർവീസ് കാലഘട്ടം നൽകിയ മധുരമുള്ള ഓർമ്മകൾക്കും സഹപ്രവർത്തകരുടെ പിന്തുണയ്ക്കും നന്ദി പറഞ്ഞ് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ശാരദാ മുരളീധരൻ പടിയിറങ്ങി. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ അൻപതാമത് ചീഫ് സെക്രട്ടറിയായി ഡോ.എ.ജയതിലക് ശാരദാ മുരളീധരനിൽ നിന്നും ചുമതലയേറ്റെടുത്തു. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ചാരിതാർത്ഥ്യത്തോടെയാണ് സർവീസിൽ നിന്ന് പടിയിറങ്ങുന്നതെന്ന് ശാരദാ മുരളീധരൻ പറഞ്ഞു. ഭാഗ്യം ചെയ്ത വ്യക്തിയാണ് താൻ. ഒന്നോ രണ്ടോ ഇടങ്ങളൊഴികെ ബാക്കിയെല്ലാം ഇഷ്ടപ്പെട്ട പോസ്റ്റുകളായിരുന്നു. എല്ലാവരും ഒന്നിച്ചുനിന്ന് ജോലി ചെയ്യുന്ന ഇടമാണ് കേരളം. ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ പരിപാടിക്ക് പോയപ്പോൾ കേരളത്തെ ലോകം എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് തിരിച്ചറിഞ്ഞു. ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ.വി.വേണു, മക്കളായ കല്യാണി,ശബരി, അമ്മ ഗോമതി എന്നിവരും ചടങ്ങിനെത്തിയിരുന്നു. പൊതുഭരണവകുപ്പ് അഡി. ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലും പങ്കെടുത്തു
ശാരദ വർണവിവേചനത്തിന്
എതിരെ പോരാടി: മുഖ്യമന്ത്രി
സ്ത്രീകളെ പല മേഖലകളിൽ നിന്നും മാറ്റിനിറുത്തുന്ന സമൂഹത്തിൽ, സ്ത്രീകൾ പുരുഷന്മാർക്ക് ഒപ്പമാണെന്നും മുന്നിലാണെന്നും തെളിയിച്ചാണ് ശാരദാ മുരളീധരൻ സർവീസിൽ നിന്ന് വിരമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലപാടുകളും പ്രവർത്തനമികവുംകൊണ്ട് സർവീസ് ജീവിതം അർത്ഥപൂർണമാക്കാൻ ശാരദയ്ക്ക് കഴിഞ്ഞു. എളുപ്പമല്ലാത്ത ഒരു കാലയളവിലാണ് ശാരദ ചീഫ് സെക്രട്ടറിയാകുന്നത്. വയനാട് പുനരധിവാസം,വിഴിഞ്ഞം പദ്ധതി തുടങ്ങിയവ മാതൃകാപരമായി ഏകോപിപ്പിച്ചു. വ്യക്തിശുദ്ധിയും സാമ്പത്തികഅച്ചടക്കവും നിലനിറുത്തി. സാമൂഹിക അസമത്വങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ ചുമതലയല്ലെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥർ ഇപ്പോഴുമുള്ളപ്പോൾ വർണവിവേചനത്തിനെതിരെ പോരാടി. സംസ്ഥാനത്തെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരുടെ നിരയിലുള്ള ശാരദ ആക്ടിവിസ്റ്റായും തിളങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം സന്ദർശിച്ച് ജയതിലക്
കഴിഞ്ഞ ക്യാബിനറ്റിലെയും അടുത്ത ക്യാബിനറ്റിലെയും തീരുമാനങ്ങൾ നടപ്പിലാക്കുമെന്ന് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ഡോ.എ.ജയതിലക് പറഞ്ഞു. ചുമതലയേറ്റശേഷം നാളെ കമ്മിഷൻ ചെയ്യുന്ന വിഴിഞ്ഞം തുറമുഖം അദ്ദേഹം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |