തിരുവനന്തപുരം:കെ.പി.സി.സിയുടെ കടിഞ്ഞാൺ ഇന്നു മുതൽ പുതിയ നേതൃനിരയുടെ കരങ്ങളിൽ. രാവിലെ 9.30 ന് ഇന്ദിരാഭവനിൽ പുതിയ ഭാരവാഹികൾ ചുമതലയേൽക്കും.
മുതിർന്ന നേതാക്കളെ കണ്ട് അനുഗ്രഹം വാങ്ങിയും മൺമറഞ്ഞ നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയും പുതിയ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫ് എം.എൽ.എയും വർക്കിംഗ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാർ, പി.സി വിഷ്ണുനാഥ്, ഷാഫിപറമ്പിൽ എന്നിവരും ഇന്നലെ വൈകിട്ട് തലസ്ഥാനത്തെത്തി. യു.ഡി.എഫ് കൺവീനറായി നിയമിതിനായ അടൂർപ്രകാശ് വെള്ളിയാഴ്ച മുതിർന്ന നേതാക്കളെ കാണുകയും ഉമ്മൻചാണ്ടിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തിരുന്നു.
കെ.പി.സി.സി ആസ്ഥാനത്ത് മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ലളിതമായ ചടങ്ങ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. കെ.സുധാകരൻ എം.പി അദ്ധ്യക്ഷത വഹിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, എ.ഐ.സി.സി സെക്രട്ടറിമാർ, മുൻ കെ.പി.സി.സി പ്രസിഡന്റുമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ,കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റുമാർ, എം.പിമാർ,എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.
സണ്ണി ജോസഫ് , പി.സി വിഷ്ണുനാഥ് എ.പി അനിൽകുമാർ , ഷാഫി പറമ്പിൽ എന്നിവർ തൃശ്ശൂരിൽ ലീഡർ കെ. കരുണാകരന്റെ സ്മൃതിമണ്ഡപത്തിലും കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ കല്ലറയിലും കൊല്ലത്ത് ആർ.ശങ്കറുടെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി. ആർ.ശങ്കർ ഏറെ തലയെടുപ്പുള്ള കോൺഗ്രസ് നേതാവായിരുന്നെന്നും മൺമറഞ്ഞുപോയ നേതാക്കളെല്ലാം കോൺഗ്രസിന്റെ ആദർശ ലക്ഷ്യങ്ങളെ മുറുകെപ്പിടിച്ച് ഭരണരംഗത്ത് മികവ് തെളിയിച്ച് കേരളത്തിന്റെ വികസനത്തിന് അടിത്തറ പാകിയ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.
എൻ.എസ്. എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് തോമസ് തറയിലിനെയും സന്ദർശിച്ചു. അതിനു ശേഷം പത്തനംതിട്ടയിലെത്തി അന്തരിച്ച ഡി.സി.സി വൈസ് പ്രസിഡന്റ് എം. ജി കണ്ണന് അന്ത്യോപചാരമർപ്പിച്ചു. കൊല്ലത്ത് മുൻ കെ.പി.സി.സി പ്രസിഡന്റ് സി.വി പത്മരാജനെയും സന്ദർശിച്ച ശേഷമാണ് നേതാക്കൾ തലസ്ഥാനത്തെത്തിയത്.ഇന്ന് രാവിലെ ചുമതല ഏൽക്കും മുമ്പ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ .കെ ആന്റണിയെയും സന്ദർശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |