തിരുവനന്തപുരം: കേരള സർവകലാശാലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കർശന സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ ഗവർണർ ആർ.വി.ആർലേക്കർ രണ്ടുവട്ടം വിളിച്ചുവരുത്തി. ശനി, ഞായർ ദിവസങ്ങളിലായിരുന്നു ഇത്. സർവകലാശാലയ്ക്കും വൈസ്ചാൻസലർക്കും സുരക്ഷയുറപ്പാക്കണമെന്നും സർവകലാശാലയുടെ 200 മീറ്റർ പരിധിയിൽ സമരങ്ങളും പ്രതിഷേധങ്ങളും തടയണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ഇതിന് രാഷ്ട്രീയ സമവായം വേണമെന്നായിരുന്നു ഡി.ജി.പിയുടെ മറുപടി. വി.സി ഡോ.മോഹനൻ കുന്നുമ്മേലിന്റെ ശാസ്തമംഗലത്തെ ഭാര്യാവീട്ടിലേക്ക് പ്രതിഷേധമുണ്ടായതും ഗവർണർ ചൂണ്ടിക്കാട്ടി. സുരക്ഷയിൽ വിട്ടുവീഴ്ച വരുത്തിയാൽ ശക്തമായി ഇടപെടുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് ഇന്നലെ മുതൽ വി.സിക്ക് പൊലീസ് സംരക്ഷണം നൽകിത്തുടങ്ങി. യാത്രകളിൽ പൊലീസ് വാഹനത്തിന്റെ അകമ്പടിയുണ്ടാവും. പരിപാടികളിലും ഓഫീസിലും പൊലീസിനെ നിയോഗിക്കും. തൃശൂരിൽ ഇന്നലെ ഗവർണറെ കണ്ട് വി.സി സ്ഥിതിഗതികൾ ധരിപ്പിച്ചു.
സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ ഗവർണറെ കാണാൻ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. സസ്പെൻഷനിലായതിനാൽ ഇപ്പോൾ അനുമതി നൽകാനാവില്ലെന്നും സന്ദർശനത്തിന് സമയം ആവശ്യപ്പെട്ട് കത്ത് നൽകാനും രാജ്ഭവൻ അറിയിച്ചു. സസ്പെൻഷനിലുള്ള ഡോ.അനിൽകുമാർ വി.സിയുടെ വിലക്ക് വകവയ്ക്കാതെ ഇന്നലെയും ഓഫീസിലെത്തി. അദ്ദേഹം അയയ്ക്കുന്ന ഫയലുകൾ വി.സി പരിഗണിക്കുന്നില്ല. വി.സി പകരം ചുമതല നൽകിയ ഡോ.മിനി കാപ്പന് രജിസ്ട്രാറുടെ ഡിജിറ്റൽ ഫയൽ സംവിധാനത്തിൽ ലോഗിൻ നൽകുന്നതുമില്ല. അതിനാൽ ഫയൽനീക്കം പൂർണമായി സ്തംഭിച്ചു. വിവിധ സേവനങ്ങൾക്കായി വിദ്യാർത്ഥികളുടെ അപേക്ഷകളിലടക്കം തീരുമാനമില്ല.
ഡോ.അനിൽകുമാറിന്റെ നിയമനം ചട്ടവിരുദ്ധമാണെന്നും നീക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി. കേന്ദ്ര- സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് മാത്രമേ ഡെപ്യൂട്ടേഷൻ നിയമനം പാടുള്ളൂ. എയ്ഡഡ് കോളേജിലെ അദ്ധ്യാപനായ ഡോ.അനിൽകുമാറിനെ നാലു വർഷത്തേക്ക് 2021ൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചെന്നാണ് പരാതി. കഴിഞ്ഞ ഫെബ്രുവരിയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗം അദ്ദേഹത്തിന്റെ നിയമനം നാലുവർഷത്തേക്കു കൂടി നീട്ടിയിരുന്നു. എന്നാൽ രജിസ്ട്രാറായി നേരിട്ടുള്ള നിയമനമായിരുന്നെന്നും എയ്ഡഡ് കോളേജ് അദ്ധ്യാപകനായതിനാൽ സേവന, വേതന വ്യവസ്ഥകൾ ക്രമീകരിക്കുന്നതിന് നാലുവർഷ നിയമനം ഡെപ്യൂട്ടേഷനായാണ് സർക്കാർ പരിഗണിച്ചതെന്നുമാണ് ഡോ.അനിൽകുമാറിന്റെ വാദം. കേരള, എം.ജി സർവകലാശാലകളിലെ പരീക്ഷാ കൺട്രോളറും കുസാറ്റ് രജിസ്ട്രാറും സമാനമായ രീതിയിൽ നിയമിതരായവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |