റെയിൽവേ  സ്റ്റേഷനിൽ  നിന്ന്  വാങ്ങിയ  ഭക്ഷണത്തിൽ ചത്ത  തവള; സംഭവം ഷൊർണൂരിൽ

Saturday 22 June 2024 8:14 PM IST

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ തവള. ആലപ്പുഴ സ്വദേശി വാങ്ങിയ വടയ്‌ക്കൊപ്പം ലഭിച്ച ചട്ട്ണിയിലാണ് ചത്ത തവളയെ കണ്ടെത്തിയത്.

ആലപ്പുഴ സ്വദേശി ഷൊർണൂരിലെ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി സ്റ്റേഷനിലെ ഒരു കടയിൽ നിന്ന് വടയും ചട്‌ണിയും വാങ്ങിച്ചിരുന്നു. ഇതിൽ ചത്ത തവളയെ കാണുകയും യാത്രക്കാരൻ പരാതി നൽകുകയും ചെയ്തു. പരാതിയിൽ കരാറുകാരനിൽ നിന്ന് റെയിൽവേ ആരോഗ്യ വിഭാഗം പിഴയീടാക്കി.

ഇത്തരത്തിൽ ട്രെയിനിലും സ്റ്റേഷനിലും ലഭിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചുള്ള പരാതികൾ രാജ്യത്ത് പ്രതിദിനം കൂടിവരുന്നുണ്ട്. കഴിഞ്ഞ ദിവസം വന്ദേഭാരത് എക്‌സ്പ്രസിൽ യാത്ര ചെയ്ത ദമ്പതികൾക്ക് നൽകിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതായി പരാതി ലഭിച്ചിരുന്നു. ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള വന്ദേഭാരത് എക്സിപ്രസിലാണ് ദമ്പതികൾക്ക് ദുരനുഭവം ഉണ്ടായത്. ഇവരുടെ സഹോദര പുത്രൻ വിദിത് വർഷിണി എക്സിൽ കുറിപ്പിട്ടതോടെയാണ് സംഭവത്തെ കുറിച്ച് പുറത്തറിഞ്ഞത്.

ജൂൺ 18ന് ഭോപ്പാലിൽ നിന്നും ആഗ്രയിലേക്കുള്ള യാത്രയ്ക്കിടെ തന്റെ അമ്മാവനും അമ്മായിക്കും ഐ.ആ‍ർ.സി.ടി സി വഴി ലഭിച്ച ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഭക്ഷണം വിതരണം ചെയ്ത ആൾക്കെതിരെ ശക്തമായ നടപടി വേണം എന്ന് വിദിത് തന്റെ കുറിപ്പിൽ ആവശ്യപ്പെട്ടു. ചിത്രം സഹിതമായിരുന്നു പോസ്റ്റ്. വിദിത് പോസ്റ്റ് പങ്കിട്ട് രണ്ട് ദിവസത്തിന് ശേഷം സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഐ.ആ‍ർ.സി.ടി.സി രംഗത്തെത്തി.

സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും ഭക്ഷണം വിതരണം ചെയ്തയാൾക്ക് അനുയോജ്യമായ പിഴ ചുമത്തിയിട്ടുണ്ടെന്നും ഐ.ആർ.സി. ടി.സി വ്യക്തമാക്കി. മോശം അനുഭവം ഉണ്ടായതിൽ ഖേദിക്കുന്നതായും ഭക്ഷണത്തിന്റെ ഉത്പാദനത്തിലും വിതരണത്തിലും കൂടുതൽ ശ്രദ്ധ ഉറപ്പുവരുത്തുമെന്നും ഐ.ആർ.സി.ടി.സി അധികൃതർ വ്യക്തമാക്കി.