
കൊച്ചി:എറണാകുളം വടുതലയിലെ വാടകവീട്ടിൽ മൂന്ന് മക്കളെ കൊലപ്പെടുത്താനായി അമ്മയും അമ്മൂമ്മയും വിഷം വാങ്ങിയത് ഓൺലൈനിലൂടെയെന്ന് റിപ്പോർട്ട്.തിരുവനന്തപുരം വിളപ്പിൽശാല കാരോട് കനകവിഹാറിൽ അശ്വതി എസ്.നായർ (37) മാതാവ് വൈ. ശ്രീകുമാരി (59) അശ്വതിയുടെ മക്കളായ കീർത്തിവൻ (14), കാർണിവൻ (4), അക്ഷിത (2) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്ന് കുപ്പി പൊട്ടാസ്യം തയോസയനേറ്റ് കഴിഞ്ഞ ഓഗസ്റ്റ് 12ന് അശ്വതിയുടെ ഭർത്താവ് അക്ഷതിന്റെ തിരുവനന്തപുരത്തെ വിലാസത്തിൽ വരുത്തിയിരുന്നു.ലബോറട്ടറി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇത് കുഞ്ഞുങ്ങൾക്ക് നൽകിയതെന്ന് കരുതുന്നു.500 ഗ്രാം വീതമുള്ള മൂന്ന് കുപ്പികളിൽ രണ്ടെണ്ണം ഉപയോഗിച്ചിട്ടുണ്ട്.തുറക്കാത്ത കുപ്പിയും മൂന്ന് ഒഴിഞ്ഞ ജ്യൂസ് ബോട്ടിലുകളും പൊലീസ് കണ്ടെടുത്തു.
ഏതാനും നാൾ മുമ്പ് ഇവർ തിരുവനന്തപുരത്ത് വാടകയ്‌ക്ക് നൽകിയ വീട്ടിൽ പോയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.ശ്രീകുമാരിയുടെയും അശ്വതിയുടെയും ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഷം വാങ്ങിയതു സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങൾ ഫോണിൽ നിന്ന് ലഭിക്കുമെന്ന് കരുതുന്നു.വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് നോർത്ത് എസ്.എച്ച്.ഒ എ. അനൂപ് പറഞ്ഞു.
കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ശ്രീകുമാരിയുടെ ആദ്യ ഭർത്താവും മകനും ചേർന്ന് ഏറ്റുവാങ്ങി.അഞ്ച് പേരുടെയും സംസ്കാരം ഇന്നലെ വൈകിട്ട് ആറരയോടെ പച്ചാളം ശ്മശാനത്തിൽ നടത്തി.മൃതദേഹങ്ങൾ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പ്രതിസന്ധിയും അറിയിച്ചതോടെ കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ പച്ചാളം ശ്മശാനത്തിൽ സംസ്കാരത്തിനുള്ള സംവിധാനം ഒരുക്കുകയായിരുന്നു.അഞ്ചു പേരുടെയും മൃതദേഹങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കുട്ടികളുടെ ഉള്ളിൽ എത്രത്തോളം വിഷം ചെന്നിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമാകുമെന്നും റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ പൂർത്തിയാക്കുമെന്നും പൊലീസ് പറഞ്ഞു.
പൊട്ടാസ്യം തയോസയനേറ്റ്
കുറ്റകൃത്യത്തിന് ഈ രാസവസ്തു ഉപയോഗിക്കുന്നത് അത്യപൂർവ്വമാണ്. 2019ൽ തമിഴ്നാട്ടിൽ ഒരു പണമിടപാടുകാരന് ഗുലാബ് ജാമുനിൽ പൊട്ടാസ്യം തയോസയനേറ്റ് കലർത്തി നൽകിയ കേസുണ്ടായിട്ടുണ്ട്. ഗന്ധമില്ലാത്ത പൊട്ടാസ്യം തയോസയനേറ്റ് ജലത്തിൽ അലിയും. നേരിയ ചവർപ്പുണ്ട്. മറ്റ് വിഷവസ്തുക്കളെന്തെങ്കിലും ചേർത്താണോ ഇത് നൽകിയതെന്ന് ആന്തരികാവയവങ്ങളുടെ സാമ്പിളുകളുടെ രാസപരിശോധനയിലേ അറിയാനാകൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |