തിരുവനന്തപുരം: മദ്യവിൽപന ഓൺലൈനിലാക്കണമെന്ന ശുപാർശ തൽക്കാലം നടപ്പിലാകാൻ സാദ്ധ്യതയില്ല. എക്‌സൈസ് മന്ത്രിയുടെ കർശന സ്റ്റാച്ച്യൂട്ടറി മുന്നറിയിപ്പോടെ ബെവ്‌കോ എംഡി ഹർഷിത അട്ടല്ലൂരിയുടെ ശുപാർശ മുന്നോട്ടുപോകില്ല. തിരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ സാമുദായിക സംഘടനകളിൽനിന്നുൾപ്പെടെ എതിർപ്പുയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് മദ്യവിൽപനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കാൻ നിർദേശം നൽകിയതെന്നാണ് വിവരം.
നേരത്തെ ബെവ്‌കോയുടെ ഭാഗത്തുനിന്ന് ശുപാർശകൾ വന്നിട്ടുണ്ടെങ്കിലും ഇത്രത്തോളം വിവാദം ഉയർന്നിരുന്നില്ല. മന്ത്രി നിലപാട് വ്യക്തമാക്കിയതിനു ശേഷവും ബെവ്‌കോ എംഡി കാര്യകാരണസഹിതം വിശദീകരിച്ച് നിലപാടിൽ ഉറച്ചുനിന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടൽ ഉണ്ടായത്. മന്ത്രിക്കു മുകളിലല്ല ഒരു ഉദ്യോഗസ്ഥനെന്നും എംബി രാജേഷ് പ്രതികരിച്ചത് അസ്വാരസ്യങ്ങളുടെ സൂചനയാണെന്നും റിപ്പോർട്ടുണ്ട്.
എന്നാൽ സർക്കാരിന്റെ അറിവില്ലാതെ ഹർഷിത അട്ടല്ലൂരിയെ പോലെ സീനിയറായ ഉദ്യോഗസ്ഥ ഓൺലൈൻ മദ്യവിൽപന സംബന്ധിച്ച് പ്രസ്താവന നടത്തുമെന്നു വിശ്വസിക്കാൻ കഴിയില്ലെന്നാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾ ഉൾപ്പെടെ അഭിപ്രായപ്പെടുന്നത്. മദ്യഉപഭോഗം ഘട്ടംഘട്ടമായി കുറയ്ക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നു പറയുമ്പോഴും 9 വർഷത്തിനുള്ളിൽ 818 ബാറുകളാണ് സംസ്ഥാനത്തു പുതുതായി പ്രവർത്തനം ആരംഭിച്ചത്. 2016 മാർച്ച് 31ന് 29 ബാറുകളാണ് ഉണ്ടായിരുന്നതെങ്കിൽ 2025 ജനുവരി 31ലെ കണക്കനുസരിച്ച് ബാറുകളുടെ എണ്ണം 847 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |