പരിപ്പുമുതൽ പായസംവരെ; ശബരിമലയിൽ സദ്യ വിളമ്പിത്തുടങ്ങി, ഒരുക്കുന്നത് 5000 ഭക്തർക്കുള്ള ഭക്ഷണം

Sunday 21 December 2025 3:21 PM IST

പത്തനംതിട്ട: ശബരിമലയിൽ അന്നദാനത്തിന്റെ ഭാഗമായി തീർത്ഥാടകർക്ക് കേരളീയ സദ്യ വിളമ്പി തുടങ്ങി. ഇനിയുള്ള ഒന്നിടവിട്ട ദിവസങ്ങളില്‍ സദ്യ വിളമ്പും. ഉച്ചയ്ക്ക് 12 ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബിജു നിലവിളക്ക് കൊളുത്തി സദ്യ അയ്യപ്പന് സമര്‍പ്പിച്ചു. തുടര്‍ന്ന് അന്നദാനത്തിനായി കാത്തുനിന്ന ഭക്തര്‍ക്ക് സദ്യ വിളമ്പി. സ്റ്റീല്‍ പ്ലേറ്റും സ്റ്റീല്‍ ഗ്ലാസുമാണ് സദ്യ വിളമ്പാൻ ഉപയോഗിക്കുന്നത്.

പരിപ്പ്, സാമ്പാര്‍, രസം, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നീ വിഭവങ്ങളോടെയാണ് സദ്യ വിളമ്പിയത്. അവിയലും തോരനും എന്നത് ഓരോ ദിവസവും മാറും. മോര്, രസം അല്ലെങ്കില്‍ പുളിശേരി ഏതെങ്കിലും ഒരു വിഭവമായിരിക്കും വിളമ്പുക. ഓരോ ദിവസവും ഓരോ തരം പായസവും സദ്യയിൽ ഉൾപ്പെടുത്തും.

സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ താമസം മൂലമാണ് സദ്യ വൈകിയതെന്നും അന്നദാനപ്രഭുവായ അയ്യപ്പന്റെ അനുഗഹത്താല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും സദ്യ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. 'നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമായി മലയാള സദ്യയുടെ രുചി കേരളത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭക്തര്‍ക്ക് സദ്യ നല്‍കാനുള്ള തീരുമാനമെടുത്തത്. ഭക്തജനങ്ങള്‍ ഇത് ഉള്‍ക്കൊള്ളുമെന്നാണ് വിശ്വാസം. ഓരോ ദിവസവും ഉച്ചയ്ക്ക് അയ്യായിരം പേരാണ് അന്നദാനത്തിൽ പങ്കെടുക്കുന്നത്. അയ്യായിരത്തിലധികം പേര്‍ക്കാണ് സദ്യയും ഒരുക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ സദ്യയും പുലാവും മാറി മാറി ഭക്തര്‍ക്ക് വിളമ്പും'- അദ്ദേഹം പറഞ്ഞു.

ഡിസംബർ 19ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഇന്നുമുതൽ ശബരിമലയിൽ സദ്യ നൽകാമെന്ന കാര്യത്തിൽ തീരുമാനമായത്. ബോർഡ് ചർച്ച ചെയ്യും മുൻപ് സദ്യ നൽകുമെന്ന് പ്രസിഡന്റ് കെ ജയകുമാർ പ്രഖ്യാപിച്ചതിൽ രണ്ട് അംഗങ്ങൾക്ക് വിയോജിപ്പുണ്ടായിരുന്നു. അവയെല്ലാം പരിഹരിച്ചുകൊണ്ടാണ് ഇന്ന് ശബരിമലയിൽ കേരള സദ്യ വിളമ്പി തുടങ്ങിയത്.

അതേസമയം, ഈ വര്‍ഷത്തെ മണ്ഡലപൂജയുടെ മുഹൂര്‍ത്തം ഡിസംബർ 27ന് രാവിലെ 10.10 നും 11.30 നും ഇടയിലായിരിക്കുമെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു. പൂജയോടനുബന്ധിച്ചുള്ള ദീപാരാധന 11.30 ന് പൂര്‍ത്തിയാകും. മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഡിസംബർ 23 രാവിലെ ഏഴിന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.