തിരുവനന്തപുരം: രോഗികൾക്കായി പ്രതികരിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിന് പ്രതിരോധം തീർക്കാൻ മെഡിക്കൽ കോളേജ് അദ്ധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എ. സംവിധാനത്തിന്റെ അപര്യാപ്തതകൾക്ക് ഡോക്ടർമാരെ കുറ്റപ്പെടുത്തി നടപടിയെടുക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് ഡോ. ടി. റോസ്‌നാര ബീഗവും സെക്രട്ടറി ഡോ.സി.എസ്.അരവിന്ദും ആവശ്യപ്പെട്ടു. അച്ചടക്ക ലംഘനത്തിന് ഡോ.ഹാരിസിനെതിരെ നടപടിയുണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
സംഘടനയുടെ പൂർണ പിന്തുണ ഹാരിസിനുണ്ട്. ആനുകൂല്യങ്ങൾ നിഷേധിക്കൽ ഉൾപ്പെടെ പ്രശ്നങ്ങളും ഉയർത്തിക്കാട്ടുകയാണ് സംഘടന. 5 വർഷമായി പിടിച്ചുവച്ചിരിക്കുന്ന ശമ്പള പരിഷ്‌കരണ കുടിശ്ശിക ഉടൻ അനുവദിക്കണം. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കണം. മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ പ്രവൃത്തി സമയം നിശ്ചയിക്കണം. രാപ്പകലില്ലാതെ പണിയേടുക്കേണ്ട സ്ഥിതിയാണ്. പുതിയ മെഡിക്കൽ കോളേജുകളിൽ മെഡിക്കൽ കമ്മിഷൻ പരിശോധനയ്ക്ക് എത്തുമ്പോൾ പല സ്ഥലങ്ങളിലുള്ള ഡോക്ടർമാരെ കൂട്ടത്തോടെ അങ്ങോട്ടേക്ക് മാറ്റുന്ന രീതി അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |