
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രോളി ബാഗിലാക്കി കടത്താൻ ശ്രമിച്ച 24 കിലോ കഞ്ചാവുമായി ഇടപാടുകാരടക്കം നാല് പേർ പിടിയിൽ. പശ്ചിമബംഗാൾ ജലംഗി സീതാനഗർ സ്വദേശികളായ സിമിറുൾ ഹഖ് (21),പിയാറുൾ ഷേഖ് (35),പെരുമ്പാവൂർ വല്ലം റയോൺപുരം ചുള്ളി വീട്ടിൽ സിറിൽ സോജൻ (24),പെരുമ്പാവൂർ വെങ്ങോല കണ്ടത്തറ വീട്ടിൽ ലത്തീഫ് (42) എന്നിവരാണ് പിടിയിലായത്.
സിറിലിന്റെ ആവശ്യപ്രകാരം സിമിറുളാണ് പശ്ചിമബംഗാളിൽ നിന്ന് കഞ്ചാവ് എത്തിച്ചത്. സൗത്ത് റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്ത് വച്ച് ട്രോളിബാഗ് കൈമാറുന്നതിനിടെ റെയിൽവേ പൊലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. സിമിറുൾ കഞ്ചാവ് കടത്തിന് നേരത്തെയും അറസ്റ്റിലായിട്ടുണ്ട്. സിറിൽ പെരുമ്പാവൂരിൽ ചായക്കട നടത്തുകയാണ്. കടയിലെ ജോലിക്കാരനാണ് പിയാറുൾ ഷേഖ്. ഓട്ടോ ഡ്രൈവറാണ് ലത്തീഫ്. സിറിൽ,പിയാറുൾ വഴിയാണ് സിമിറുളിനെ ബന്ധപ്പെടുകയും കഞ്ചാവ് കടത്തിന് പദ്ധതിയിട്ടതും.
രണ്ട് ട്രോളി ബാഗുകളിലും ഒരു ഹാൻഡ്ബാഗിലുമാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഒരു ട്രോളി ബാഗിൽ നിന്ന് 11.08 കിലോയും മറ്റൊന്നിൽ നിന്ന് 11.206 കിലോയും കഞ്ചാവ് കണ്ടെത്തി. ഹാൻഡ് ബാഗിന്റെ വിവിധ അറകളിൽ നിന്ന് 2 കിലോ കഞ്ചാവും കണ്ടെത്തി. വൻതുകയ്‌ക്ക് ഇത് മറിച്ചുവിൽക്കുകയായിരുന്നു പദ്ധതി.
എറണാകുളം റെയിൽവേ എസ്.ഐ ഇ.കെ. അനിൽകുമാർ,എസ്.ഐ ഗിരീഷ് കുമാർ,എസ്.സി.പി.ഒ കെ.വി. ഡിനിൽ,ആർ. ഷഹേഷ് എന്നിവരും ആർ.പി.എഫ് അംഗങ്ങളായ എ.എസ്.ഐ ശ്രീകുമാർ,അജയ്‌ഘോഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |