കൊച്ചി: കൈക്കൂലി ഇടപാടിന്റെ കമ്മിഷൻ ഉപയോഗിച്ച് ഇ.ഡി ഉദ്യോഗസ്ഥരുടെ ഏജന്റുമാർ സ്ഥലവും ആഡംബരവീടുകളും വാങ്ങിക്കൂട്ടിയെന്ന് വിജിലൻസ് കണ്ടെത്തി. ബാങ്ക് ഇടപാടുകളിലെ അന്വേഷണത്തിലാണ് സ്വത്തു വിവരങ്ങൾ പുറത്തുവന്നത്. കേസിലെ നാലാം പ്രതിയായ ചാർട്ടേഡ് അക്കൗഡന്റ് രഞ്ജിത്ത് വാരിയർ കൊച്ചി നഗരത്തിൽ അഡംബരവീട് സ്വന്തമാക്കിയതും മൂന്നാം പ്രതിയായ രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ എറണാകുളം പുത്തൻവേലിക്കരയിൽ ഒന്നര ഏക്കർ സ്ഥലം വാങ്ങിയതും കമ്മിഷൻ ഉപയോഗിച്ചാണെന്നാണ് കണ്ടെത്തൽ.
പ്രധാന ഇടനിലക്കാരനായ വിൽസണിന്റെ സമ്പത്ത് തിട്ടപ്പെടുത്തി വരുകയാണ്. മുകേഷിന് രാജസ്ഥാനിലുള്ള സ്വത്തുക്കളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്രയും തുക
മുടക്കി സ്വത്തുക്കൾ വാങ്ങാൻ സാധിച്ചെങ്കിൽ കോടികൾ കൈക്കൂലിയായി ലഭിച്ചിരിക്കാമെന്നാണ് വിജിലൻസ് വിലയിരുത്തൽ. ബിനാമി ഇപാടുകളാണോയെന്ന സംശയവും തള്ളിക്കളയുന്നില്ല.ഇടനിലക്കാർ മുഖേന ഇ.ഡി ഉദ്യോഗസ്ഥർ കൈക്കൂലി ഇടപാട് തുടങ്ങിയിട്ട് പത്തു വർഷത്തിലേറെയായെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കഴിഞ്ഞ വർഷങ്ങളിൽ ഇ.ഡി രജിസ്റ്റർ ചെയ്ത ഇ.സി.ഐ.ആർ സംബന്ധിച്ച് വിവരങ്ങൾ ശേഖിക്കുന്നുണ്ട്. ഈ കേസുകളിലെ പ്രതികളിലേക്കും ഇടനിലക്കാർ എത്തിയോയെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. കൈക്കൂലി കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് എന്നിവയുടെ വിശദപരിശോധന സൈബർ സെൽ സഹായത്തോടെ പുരോഗമിക്കുന്നു. പ്രതികൾ കൂടുതൽ ഇ.ഡി ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ചിട്ടുണ്ടെന്ന് വിജിലൻസ് കരുതുന്നു. മഹാരാഷ്ട്ര, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അറസ്റ്റിലായവരുടെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും. ആവശ്യമെങ്കിൽ ഇവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം.
ഇ.ഡിക്ക്
മറുപടി
പ്രാഥമികാന്വേഷണത്തിൽ തന്നെ പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതിനാലാണ് ഇ.ഡി ഉദ്യോഗസ്ഥനെ ഒന്നാം പ്രതിയാക്കി കേസെടുത്തതെന്ന് വിജിലൻസ് മദ്ധ്യമേഖല എസ്.പി എസ്. ശശിധരൻ പറഞ്ഞു. പരാതിക്കാരൻ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇ.ഡി വ്യക്തമാക്കി ഒരു ദിവസത്തിന് ശേഷമുള്ള വിജിലൻസ് നിലപാട് കേന്ദ്ര ഏജൻസിക്കുള്ള പരോക്ഷ മറുപടിയായി. അന്വേഷണത്തിൽ ലഭിക്കുന്ന വിവരമനുസരിച്ച് തുടർനടപടികളുണ്ടാകും. ഇടനിലക്കാർക്കെതിരെ തെളിവുകൾ ശക്തമായതിനാലാണ് അവരെ അറസ്റ്റ് ചെയ്തത്. ഇ.ഡിക്കെതിരെ നിരവധി പരാതികൾ ഫോണിലൂടെയും മറ്റും ലഭിക്കുന്നുണ്ടെന്നും എസ്.പി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |