തിരുവനന്തപുരം:പുനർനിർണയിച്ച വാർഡുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഡിസംബർ ആദ്യം തദ്ദേശ തിരഞ്ഞെടുപ്പ് നടന്നേക്കും.ഇതിനുള്ള വിജ്ഞാപനം ഒക്ടോബർ അവസാനം പുറത്തിറങ്ങാനിട.ഡിസംബർ 20നാണ് നിലവിലെ ഭരണസമിതികളുടെ കാലാവധി പൂർത്തിയാകുന്നത്. ത്രിതലപഞ്ചായത്തുകളിൽ ജനസംഖ്യാനുപാതികമായി വാർഡുകൾ പുനർനിർണയിക്കാനുള്ള ഡീലിമിറ്റേഷൻ സമിതിയുടെ പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. ജില്ലാപഞ്ചായത്തുകളുടെ വാർഡ് വിഭജനം സംബന്ധിച്ച കരട് 21ന് പുറത്തിറങ്ങും.
14 ജില്ലാപഞ്ചായത്തുകളിലായി 15 വാർഡുകളാണ് വർദ്ധിക്കുന്നത്.നിലവിലെ 331 വാർഡുകൾ 346 ആകും. 152 ബ്ലോക്ക് പഞ്ചായത്തുകളുടെ വാർഡ് വിഭജനത്തിന്റെ അന്തിമവിജ്ഞാപനം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. ബ്ളോക്കുകളിൽ 187 വാർഡുകൾ വർദ്ധിച്ച് 2080ൽനിന്ന് 2267 ആയി .
941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാർഡുകൾ ഉണ്ടായിരുന്നത് 17,337 ആയി. 1375 വാർഡുകളാണ് വർദ്ധിച്ചത്. 87 മുനിസിപ്പാലിറ്റികളിൽ 128 വാർഡുകൾ പുതുതായി നിലവിൽവന്ന് 3113ൽനിന്ന് 3241 ആയി. ആറ് കോർപറേഷനുകളിൽ ഏഴു വാർഡുകളും കൂടിയതോടെ വാർഡുകളുടെ എണ്ണം 414ൽ നിന്ന് 421 ആയി.ഇനി ഇതനുസരിച്ചുള്ള വോട്ടർപട്ടിക തയ്യാറാക്കണം.വീടുകളുടെ നമ്പരും മാറ്റണം.വോട്ടർപട്ടിക പുനഃക്രമീകരണങ്ങൾ അടുത്ത രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |