തിരുവനന്തപുരം : താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തവരെ അഭിനന്ദിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ദീർഘകാലമായി പുരുഷാധിപത്യം പുലരുന്ന ഇടം എന്ന് പഴി കേട്ട സംഘടനയുടെ അധികാരക്കസേരകളിൽ ഇരിക്കാൻ സ്ത്രീകൾക്ക് അവസരം ലഭിച്ചത് നിസ്സാരകാര്യമല്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. അതേസമയം '''അമ്മ ചരിത്രം മാറ്റിയെഴുതി'' എന്നൊക്കെ അഭിപ്രായപ്പെടുന്നവരുടെ കൂട്ടത്തിൽ ഞാനില്ലെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കി. രാജിവെച്ച മോഹൻലാൽ അടക്കമുള്ളവരുടെ അനുഗ്രഹാശിസ്സുകളോടെ വന്നവരാണ് ഈ നടിമാർ എന്ന പരമാർത്ഥം എല്ലാവർക്കും അറിയാം.അതുകൊണ്ടുതന്നെ ''കുപ്പി പുതിയത് ;പക്ഷേ വീഞ്ഞ് പഴയതു തന്നെ'' എന്നു മറ്റുള്ളവർ പറയാൻ ഇടവരാതിരിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.
കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ അമ്മയുടെ പ്രസിഡന്റായി ശ്വേത മേനോനും ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും വിജയിച്ചിരുന്നു. ശ്വേത മേനോൻ 27 വോട്ടിനാണ് ദേവനെ പരാജയപ്പെടുത്തിയത്.
ലക്ഷ്മിപ്രിയ വൈസ് പ്രസിഡന്റ്. അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി. ട്രഷററായി ഉണ്ണി ശിവപാലും മറ്റൊരു വൈസ് പ്രസിഡന്റായി ജയൻ ചേർത്തലയും തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യുട്ടീവ് കമ്മിറ്റി വനിതാ വിഭാഗത്തിൽ അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ്, സരയു മോഹൻ എന്നിവരും പൊതുവിഭാഗത്തിൽ ജോയ് മാത്യു, കൈലാഷ്, ഡോ.റോണി ഡേവിഡ് രാജ്, സന്തോഷ് കീഴാറ്റൂർ, സുജോയ് വർഗീസ്, ടിനി ടോം, വിനു മോഹൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്
'''അമ്മ''യിലെ പെണ്മയും ഉണ്മയും!
''അമ്മ''യുടെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട വനിതാരത്നങ്ങളെയും ഒപ്പമുള്ള നടന്മാരെയും അഭിനന്ദിക്കുന്നു. ശ്വേതാമേനോനും കുക്കു പരമേശ്വരനും ജോയ് മാത്യുവും ഉണ്ണി ശിവപാലും മറ്റും അടങ്ങുന്ന ഈ പുതിയ ഭരണസമിതിക്ക് എന്റെ അഭിവാദ്യങ്ങൾ ! തീർച്ചയായും ഇതൊരു നല്ല തുടക്കമാണ്. ദീർഘകാലമായി പുരുഷാധിപത്യം പുലരുന്ന ഇടം എന്ന് പഴി കേട്ട ആ സംഘടനയുടെ അധികാരക്കസേരകളിൽ ഇരിക്കാൻ സ്ത്രീകൾക്ക് അവസരം ലഭിച്ചത് നിസ്സാരകാര്യമല്ല. അതേ സമയം '''അമ്മ ചരിത്രം മാറ്റിയെഴുതി'' എന്നൊക്കെ അഭിപ്രായപ്പെടുന്നവരുടെ കൂട്ടത്തിൽ ഞാനില്ല.കാരണം, രാജിവെച്ച മോഹൻലാൽ അടക്കമുള്ളവരുടെ അനുഗ്രഹാശിസ്സുകളോടെ വന്നവരാണ് ഈ നടിമാർ എന്ന പരമാർത്ഥം എല്ലാവർക്കും അറിയാം.അതുകൊണ്ടുതന്നെ ''കുപ്പി പുതിയത് ;പക്ഷേ വീഞ്ഞ് പഴയതു തന്നെ'' എന്നു മറ്റുള്ളവർ പറയാൻ ഇടവരാതിരിക്കട്ടെ. ചരിത്രം മാറ്റിയെഴുതണമെങ്കിൽ ഷൂട്ടിംഗ് സ്ഥലത്ത് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ പേരിലും സ്വാഭിമാനത്തിന്റെ പേരിലും അമ്മ വിട്ടുപോയ അനുഗൃഹീത നടികളായ രേവതി, പാർവ്വതി തിരുവോത്ത്,പദ്‌മപ്രിയ, ഭാവന, റീമാകല്ലിങ്കൽ തുടങ്ങിയവരെ സംഘടനയിൽ തിരിച്ചുകൊണ്ടുവരികയും അവർ ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും വേണം. അതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതെയിരിക്കണം.
ഒരു വസ്‌തുത കൂടി.ഇതൊരു ഇടക്കാലനടപടി മാത്രമാകരുത്. ഭാവിയിലും ഭരണസമിതിയിൽ സ്ത്രീകൾക്ക് പ്രാമുഖ്യമുണ്ടാകണം. അവശത അനുഭവിക്കുന്ന നടീനടന്മാർക്ക് വർഷങ്ങളായി ''അമ്മ'' നൽകി വരുന്ന ധനസഹായം വളരെ അഭിനന്ദനീയമായ കാര്യമായി നിലനിൽക്കുന്നു. ഭാവിയിലും എല്ലാ അംഗങ്ങളെയും തൃപ്‌തിപെടുത്തുന്ന വിധത്തിൽ '''അമ്മ''എന്ന സംഘടനയെ മുന്നോട്ടു നയിക്കാൻ ഈ പുതിയ ഭരണസമിതിക്കു കഴിയട്ടെ -എന്ന് ആശംസിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |