കൊച്ചി: താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രതികരിച്ച് നടൻ ടിനി ടോം. അമ്മ യാഥാർത്ഥ്യമായെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. അമ്മയുടെ തലപ്പത്തേക്ക് സ്ത്രീകള്‍ വരണമെന്ന് എല്ലാവരുടെയും ആഗ്രഹമായിരുന്നുവെന്നും അമ്മ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍ ഒമ്പത് ആണുങ്ങളും എട്ട് പെണ്ണുങ്ങളും ഉണ്ട്. സന്തോഷം. അമ്മ യാഥാര്‍ത്ഥ്യമായി. എല്ലാവരുടെയും ആഗ്രഹമായിരുന്നല്ലോ തലപ്പത്തേക്ക് സ്ത്രീകള്‍ വരണമെന്ന്. അത് സംഭവിച്ചു. അവര്‍ക്കൊരു ടേം കൊടുത്തിരിക്കുകയാണല്ലോ. മൂന്നു വര്‍ഷമുണ്ട്. അവര്‍ തെളിയിക്കട്ടെ. അവരോടൊപ്പം നമ്മളുണ്ടാകും.മൂന്ന് ടേമില്‍ ഇരുന്നിട്ടാണ് നാലാമത്തെ ടേമിലേക്ക് വരുന്നത്.
ലാലേട്ടനോടൊപ്പം മൂന്ന് കമ്മിറ്റിയിലുണ്ടായിരുന്നു. അവിടെ എന്തെങ്കിലുമൊക്കെ കുറവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതൊരു ഇന്‍ഫോര്‍മേഷന്‍ പോലെ എനിക്ക് കൊടുക്കാന്‍ പറ്റും. ശ്വേതാ മേനോനെതിരെ വന്നത് ഒരു വ്യാജ ആരോപണമായിരുന്നു. ഞാന്‍ എന്റെ സോഷ്യല്‍ മീഡിയയിലൂടെ പിന്തുണച്ചിരുന്നു. മെമ്മറി കാര്‍ഡ് വിഷയത്തില്‍ എനിക്ക് വിശദാംശങ്ങള്‍ അറിയില്ല. അതുമായി ഒട്ടും കണക്ടഡ് അല്ല ഞാന്‍. അത് നിയമപരമായി പോകേണ്ടതാണെങ്കില്‍ അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ'- ടിനി ടോം പറഞ്ഞു.
അമ്മയുടെ 31 വർഷചരിത്രത്തിൽ ആദ്യമായാണ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികളിൽ വനിതകൾ എത്തുന്നത്. വിവാദങ്ങളും ആരോപണ, പ്രത്യാരോപണങ്ങളും നിറഞ്ഞ വാശിയേറിയ തിരഞ്ഞെടുപ്പിലാണ് വനിതകൾ പ്രധാന സ്ഥാനത്തേക്ക് വിജയിച്ചു കയറിയത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ശ്വേതാ മേനോനെതിരെ കേസെടുത്തതും വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘടനയിലെ ചിലർ സൃഷ്‌ടിച്ചതാണ് കേസെന്ന ആരോപണം ഉയർന്നിരുന്നു.അമ്മയിൽ നിന്ന് രാജിവച്ച പ്രമുഖ നടിമാരെ തിരിച്ചെത്തിക്കുക എന്നതുൾപ്പെടെ നിരവധി വെല്ലുവിളികൾ പുതിയ കമ്മിറ്റിക്ക് മുന്നിലുണ്ട്. പിണങ്ങിപ്പോയവർ തിരിച്ചുവരണമെന്നും ആവശ്യമെങ്കിൽ അവരെ നേരിട്ടു വിളിക്കുമെന്നും തിരഞ്ഞെടുക്കപ്പെട്ട ശേഷം ശ്വേതാ മേനോൻ പറഞ്ഞു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ മുതിർന്ന അംഗങ്ങളുടെ പിന്തുണയും സഹകരണവും ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |