കൊച്ചി: കൂത്താട്ടുകുളം നഗരസഭ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ കല രാജുവിന് ജയം.12ന് എതിരെ 13 വോട്ടിനാണ് കൂത്താട്ടുകുളം നഗരസഭ യുഡിഎഫ് പിടിച്ചത്. വിജയ ശിവനായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. സിപിഎം മുൻ കൗൺസിലറായിരുന്നു കാല രാജു. ഇക്കഴിഞ്ഞ ജനുവരിലുണ്ടായ തട്ടിക്കൊണ്ടുപോകൽ വിവാദത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കൂത്താട്ടുകുളം നഗരസഭയിലെ തിരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത്.
അന്ന് എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരിക്കെ യോഗത്തിനെത്തിയ കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയി. പിന്നാലെ സംഘർഷത്തെ തുടർന്ന് കൗൺസിൽ യോഗം ചേരാനായില്ല. കല രാജുവിനെ വെെകിട്ട് മോചിപ്പിക്കുകയും സംഭവമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവിശ്വാസ പ്രമേയ ചർച്ച അലങ്കോലപ്പെടുത്തിയതിലും തട്ടിക്കൊണ്ടുപോകലിലും എൽഡിഎഫിനെതിരെ കല രാജു ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
ഇതിന്റെ ബാക്കിയായാണ് ഈ മാസം തുടക്കം നഗരസഭയിൽ യുഡിഎഫ് വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. തുടർന്ന് കല രാജു യുഡിഎഫിന് വോട്ടു ചെയ്തു. സ്വതന്ത്ര അംഗം സുനിൽ കുമാറും യുഡിഎഫിനൊപ്പം നിന്നതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി. 11നെതിരെ 13 വോട്ടുകൾക്കായിരുന്നു യുഡിഎഫ് വിജയം. എൽഡിഎഫ് മുന്നണിക്ക് ഭൂരിപക്ഷമുണ്ടായിരുന്ന ഭരണസമിതിയാണ് അന്ന് പരാജയപ്പെട്ടത്. 25 അംഗ കൗൺസിലിൽ എൽഡിഎഫ് 13, യുഡിഎഫ് 11, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. എന്നാൽ കല രാജുവും സുനിൽ കുമാറും പിന്തുണച്ചതോടെ അവിശ്വാസം പാസാകുകയായിരുന്നു. തുടർന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |