വോ​ട്ടെ​ണ്ണ​ൽ​ ​ദി​ന​ത്തി​ൽ​ ​ ഹിറ്റായി ഇ​സി​നെ​റ്റ് ​ ഒ​രു​മി​നി​റ്റി​ൽ​ നോ​ക്കി​യ​ത് ​മൂ​ന്ന് ​കോ​ടി​ ​ആ​ളു​കൾ

Thursday 07 May 2026 12:49 AM IST

തിരുവനന്തപുരം:വോട്ടെണ്ണൽ പൊതുജനങ്ങളിലെത്തിക്കാൻ കേന്ദ്രഇലക്ഷൻ കമ്മിഷൻ തയ്യാറാക്കിയ ഇസിനെറ്റ് വെബ്സൈറ്റിലും മൊബൈൽ ആപ്പിലും വോട്ടെണ്ണൽ ദിനമായ മെയ് 4ന് ഓരോമിനിറ്റിലും എത്തിയത് 3 കോടി ആളുകൾ.മാത്രമല്ല വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കാൻ ഉണ്ടായ സൈബർ ആക്രമണത്തെയും ഫലപ്രദമായി ചെറുക്കാൻ ഇസിനെറ്റിന് കഴിഞ്ഞതായി ഇലക്ഷൻ കമ്മിഷൻ അറിയിച്ചു.

നിയമസഭാ പൊതുതിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും സുതാര്യത വർദ്ധിപ്പിക്കുന്നതിനും തത്സമയ നിരീക്ഷണത്തിനും വേഗത്തിലുള്ള റിപ്പോർട്ടിംഗിനുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇസിനെറ്റ് സജ്ജമാക്കിയത്.2025 നവംബറിൽ നടന്ന ബീഹാർ തിരഞ്ഞെടുപ്പിലാണ് ഇസിനെറ്റിന്റെ ബീറ്റാ പതിപ്പ് ആദ്യമായി ഉപയോഗിച്ചത്.

ഈ വർഷം ജനുവരിയിൽ ഔദ്യോഗിക ലോഞ്ചിംഗ് നടത്തി.ശേഷം ഇസിനെറ്റ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി.ഇതുവരെ 10 കോടിയിലധികം പേർ ആപ്പ് ഡൗൺലോഡ് ചെയ്തു.വോട്ടെടുപ്പ് ദിവസങ്ങളായ ഏപ്രിൽ 9, 23, 29 തീയതികളിൽ ഇസിനെറ്റിൽ 98.3 കോടിയിലധികം സന്ദർശനങ്ങൾ രേഖപ്പെടുത്തി.

കൂടാതെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, ഇസിനെറ്റ് മുഖേന എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആദ്യമായി ക്യുആർ കോഡ് അധിഷ്ഠിത ഫോട്ടോ തിരിച്ചറിയൽ കാർഡ് സംവിധാനം നടപ്പിലാക്കി.3.2 ലക്ഷത്തിലധികം ക്യുആർ കോഡുകളാണ് വോട്ടെണ്ണൽ ദിവസം ജനറേറ്റ് ചെയ്തത്.