മലപ്പുറം: മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമർശം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സജീവ ചർച്ചയാക്കുമ്പോൾ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ക്ഷേമ പെൻഷൻ പ്രസ്താവന ആയുധമാക്കി എൽ.ഡി.എഫും പ്രചാരണം ചൂട് പിടിപ്പിക്കുന്നു. രണ്ടു വിവാദങ്ങളും ഇരുതല മൂർച്ചയുള്ളവയായതിനാൽ ഏറെ ശ്രദ്ധയോടെയാണ് മുന്നണികളുടെ നീക്കം.
യു.ഡി.എഫിന് പുറത്തുള്ള ന്യൂനപക്ഷ വോട്ടുകളും സ്വാധീനിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ക്ഷേമ പെൻഷൻ വിതരണം തടയാൻ ശ്രമിക്കുന്നെന്ന പ്രചാരണത്തിലൂടെ സാധാരണക്കാരെ സ്വാധീനിക്കുന്നതിലാണ് എൽ.ഡി.എഫിന്റെ കണ്ണ്. വിവാദം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരമെന്ന പ്രതീതി സൃഷ്ടിച്ചതും, അൻവർ അപ്രസക്തനാവുന്നതും കോൺഗ്രസിന് ഗുണമാണ്. .
ചൂടേറി മലപ്പുറം
വിവാദം
മലപ്പുറം വിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
മുഖ്യമന്ത്രിയേയും പ്രചാരണ ചുമതലയുള്ള പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനേയും കടന്നാക്രമിച്ചു. ' മലപ്പുറത്ത് സ്വർണക്കടത്തും തീവ്രവാദവുമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ പി.ആർ ടീം ഡൽഹിയിലെ എല്ലാ മാദ്ധ്യമങ്ങൾക്കും കുറിപ്പ് കൊടുത്തു. മുഖ്യമന്ത്രി ഒരു ദിനപത്രത്തിന് അഭിമുഖവും നൽകി. ഇതിന് പിന്നിൽ സംഘ പരിവാർ അജൻഡയുണ്ടായിരുന്നു. പ്രിയങ്കാ ഗാന്ധി വിജയിച്ചത് തീവ്രവാദികളുടെ വോട്ട് നേടിയാണെന്നാണ് വിജയരാഘവൻ പറഞ്ഞത്. ഹൈവേക്കെതിരെ സമരം ചെയ്തവരും മലപ്പുറത്തെത്തുമ്പോൾ വിജയരാഘവന് തീവ്രവാദികളാണെന്നും' സതീശൻ പറഞ്ഞു.
അതേസമയം, മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ജനസംഘത്തോടൊപ്പം ഒന്നിച്ച് ജാഥ നടത്തിയവരാണ് കോൺഗ്രസുകാരെന്ന വാദത്തിലൂടെയാണ് സി.പി.എം വിവാദങ്ങളെ ചെറുക്കുന്നത്. വിഷയങ്ങളെ അടർത്തിയെടുത്ത് വർഗീയച്ചുവയോടെ അവതരിപ്പിക്കുകയാണെന്ന് വിജയരാഘവൻ കുറ്റപ്പെടുത്തി.
പെൻഷനിൽ
ചേരിപ്പോര്
ക്ഷേമ പെൻഷനെ കൈക്കൂലിയെന്നാക്ഷേപിച്ച കെ.സി.വേണുഗോപാലിന്റെ പ്രസ്താവന പിൻവലിച്ച് കേരളത്തോട് മാപ്പ് പറയണമെന്ന് സി.പി.എം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സാധാരണക്കാരോടുള്ള വെല്ലുവിളിയാണിത് . തിരഞ്ഞെടുപ്പ് കാലത്ത് കൈക്കൂലി നൽകുന്നത് പോലെയാണ് സാമൂഹ്യക്ഷേമ പെൻഷൻ രണ്ടു ഗഡു നൽകുന്നതെന്നാണ് നിലമ്പൂരിലെ യു.ഡി.എഫ് കൺവെൻഷനിൽ കെ.സി. വേണുഗോപാൽ പറഞ്ഞത്. തിരഞ്ഞെടുപ്പ് കാലം നോക്കി ക്ഷേമ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുന്നെന്നും സാധാരണ ജനങ്ങൾ സാമ്പത്തിക പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്നത് മറച്ചുവയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രതിരോധിക്കുന്നു. വിഷയത്തിൽ മാപ്പു പറയില്ലെന്ന് വേണുഗോപാൽ പറഞ്ഞു. പെൻഷൻ വാങ്ങുന്നവരെ കോൺഗ്രസ് അപമാനിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |