കൽപ്പറ്റ: വയനാട്ടിൽ വന്യമൃഗ ഭീതി ഒഴിയുന്നില്ല. ആളെക്കൊല്ലി ബേലൂർ മഗ്നയ്ക്കായി വനംവകുപ്പ് ദൗത്യസേന കാടും മേടും അരിച്ചുപെറുക്കുന്നതിനിടെ പുൽപ്പള്ളിക്കടുത്ത വടാനക്കവലയിൽ കടുവയും മേപ്പാടിക്കടുത്ത മുണ്ടക്കൈയിൽ കാട്ടാനയുമെത്തി.
പുൽപ്പള്ളി മുള്ളൻകൊല്ലി ടൗണിന് സമീപമുള്ള വടാനക്കവലയിൽ കടുവയിറങ്ങിയത് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ്. വടാനക്കവല വനമൂലികയ്ക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവയെ കണ്ടത്. പ്രദേശവാസിയായ കൂവപ്ലാക്കൽ ബിജുവും ഭാര്യ സ്വപ്നയും വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയാണ് കാട്ടുപന്നിയെ ഓടിച്ചുകൊണ്ട് കടുവയെത്തിയത്. കാട്ടുപന്നി ഓടിരക്ഷപ്പെട്ടു. കടുവ സമീപത്തെ കൃഷിയിടത്തിൽ മണിക്കൂറുകളോളം കിടന്നു. കഴിഞ്ഞദിവസം പുൽപ്പള്ളി ആനപ്പാറയിലും ചില്ലിംഗ് പ്ലാന്റിന് സമീപത്തും നാട്ടുകാർ കടുവയെ കണ്ടിരുന്നു. ജനവാസ കേന്ദ്രങ്ങളിൽ പകൽപോലും കടുവയുടെ സാന്നിദ്ധ്യമുണ്ടായതോടെ പ്രദേശത്തുള്ളവർക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
മേപ്പാടി മുണ്ടക്കൈ എൽ.പി സ്‌കൂളിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കാട്ടാന ഇറങ്ങിയത്. സ്‌കൂളിന് 100 മീറ്റർ അകലെയാണ് കാട്ടാന എത്തിയത്. തേയില തോട്ടത്തിലൂടെ ആന വരുന്നത് കണ്ട് നാട്ടുകാർ റോഡിന് ഇരുവശത്തും വാഹനങ്ങൾ തടഞ്ഞുനിറുത്തുകയായിരുന്നു. തുടർന്ന് റോഡ് മുറിച്ചുകടന്ന കാട്ടാന കൂടുതൽ ജനവാസമുള്ള മേഖലയിലേക്ക് നീങ്ങുകയായിരുന്നു. ഏതാനും മാസങ്ങൾക്കു മുമ്പ് സെന്റിനൽ റോക്ക് ഫാക്ടറിക്ക് സമീപത്തെ ക്വാർട്ടേഴ്സ് കാട്ടാന തകർത്തിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സാണ് ആന തകർത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |