ന്യൂഡൽഹി : വയനാട് പാക്കേജിൽ ഉൾപ്പെടെ വീണ്ടും നിവേദനം കൈമാറി സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ നേരിൽക്കണ്ട് വയനാടിന് പ്രത്യേക പാക്കേജ് അടക്കം ആവശ്യപ്പെട്ട് വീണ്ടും നിവേദനം നൽകി. വേഗം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ന്യായമായ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. പരിശോധിക്കുന്നുവെന്ന് നിർമല സീതാരാമൻ മറുപടി നൽകിയെന്നും തീരുമാനം വൈകാൻ പാടില്ലാത്തതാണെന്നും ബാലഗോപാൽ ഡൽഹിയിൽ പ്രതികരിച്ചു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട്തർക്കം ചർച്ചയായില്ല.
കിഫ്ബി, കേരള സാമൂഹ്യ സുരക്ഷാ പെൻഷൻ ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട വായ്‌പകളെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾക്കൊള്ളിച്ച നടപടി പിൻവലിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. 4711 കോടി രൂപയാണ് ഇത്തരത്തിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതും മുൻകാല പ്രാബല്യത്തോടെ. ഇതു സംസ്ഥാനത്തിന് തിരിച്ചടിയാണ്. ഓപ്പൺ മാർക്കറ്റിൽ നിന്ന് വായ്‌പയെടുക്കുന്നതിനെ ബാധിക്കും. ദേശീയപാത വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് 25 ശതമാനമാണ് സംസ്ഥാനം ചെലവാക്കേണ്ടത്. ഇത് 6769 കോടിയിൽപ്പരം രൂപയാണ്. 5580 കോടി കേരളം ചെലവാക്കി. ഈ തുകയെയും കടമെടുപ്പ് പരിധിയിൽ വകയിരുത്തിയിരിക്കുന്നത് പിൻവലിക്കണം. കാപ്പെക്‌സ് പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന് അനുകൂലമായ നിലപാടെടുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
കേരളത്തിൽ സിൽവർ ലൈൻ പദ്ധതി വരില്ലെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ പരാമർശം മാദ്ധ്യമപ്രവർത്തകർ ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിന്റെ പൊതുതാത്പര്യമാണ് പ്രധാനമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറയേണ്ടത് സുരേന്ദ്രൻ അങ്ങോട്ട് തന്നെ പറയട്ടെയെന്നുമായിരുന്നു ബാലഗോപാലിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |