കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിൽ പെട്ട് മരിച്ചെന്നുകരുതുന്ന ഒരാളുടെ മൃതദേഹ ഭാഗം കണ്ടെടുത്തു. പരപ്പൻപാറയിൽ ഒരു മരത്തിൽ മുകളിൽ നിന്നാണ് ദുരന്തം നടന്ന് മൂന്നുമാസത്തിനുശേഷം ശരീരഭാഗം ഫയർഫോഴ്സിന് ലഭിച്ചത്. ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തിയാലേ ഇത് ആരുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂ. ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ഡിഎൻഎ സാമ്പിളുകൾ അധികൃതർ നേരത്തേ തന്നെ ശേഖരിച്ചിട്ടുണ്ട്. ഇതുമായി ഒത്തുനോക്കിയാവും മൃതദേഹഭാഗം ആരുടേതാണെന്ന് കണ്ടെത്തുക.
ദുരന്തത്തിൽപ്പെട്ട 47 പേരുടെ മൃതദേഹങ്ങളാണ് ഇനി കണ്ടെത്താന്നുള്ളത്. പരപ്പൻപാറ ഉൾപ്പെട്ടെയുള്ള പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയാൽ കൂടുതൽ മൃതദേഹ ഭാഗങ്ങൾ ലഭിക്കുമെന്ന് കാണാതായവരുടെ ബന്ധുക്കളും തെരച്ചിൽ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ സന്നദ്ധപ്രവർത്തകരും അധികൃതരെ അറിയിച്ചിരുന്നതാണ്. എന്നാൽ കാലാവസ്ഥാ പ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാണ്ടി അധികൃതർ തെരച്ചിൽ നടത്താൻ തയ്യാറായിരുന്നില്ല. ദുരന്തബാധിതർ തെരച്ചിൽ നടത്താത്തതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
കാന്തൻപാറയും സൂചിപ്പാറയും ചേരുന്ന ആനക്കാപ്പ് പ്രദേശം പൂർണമായും വനമേഖലയാണ്. ഉരുൾപൊട്ടൽ ഉണ്ടായി ദിവസങ്ങൾക്കുശേഷം ഇവിടെനിന്ന് നിരവധി മൃതദേഹ ഭാഗങ്ങൾ ലഭിച്ചിരുന്നു. ചെങ്കുത്തായ പ്രദേശങ്ങളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഇവിടെ തെരച്ചിൽ നടത്തുക ഏറെ ദുഷ്കരമാണ്. ജീവൻ പണയംവച്ചാണ് സന്നദ്ധപ്രവർത്തർ ഉൾപ്പെടെ ഇവിടെ തെരച്ചിൽ നടത്തിയത്. ദുരന്തമുണ്ടായി മാസങ്ങൾക്കുശേഷം മൃതദേഹഭാഗം ലഭിച്ചതോടെ തെരച്ചിൽ പുനഃരാരംഭിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകും. ഓഗസ്റ്റ് പകുതിയോടെയായിരുന്നു തെരച്ചിൽ അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |