മലപ്പുറം: മഞ്ചേരിയിൽ അപകടത്തിൽപ്പെട്ട് മരിച്ച വ്‌ളോഗർ ജുനൈദിന്റെ സംസ്‌കാരം ഇന്ന് നടക്കും. വഴിക്കടവ് പൂവത്തിങ്കൾ ജുമ മസ്ജിദിൽ ഇന്ന് വൈകിട്ടോടെയാണ് കബറടക്കം നടക്കുക. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജുനൈദിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വേണ്ടി മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. അപകടത്തെ തുടർന്ന് ജുനൈദിന്റെ തലയ്ക്ക് പിന്നിൽ മുറിവേറ്റിരുന്നു.
അപകടം നടന്ന മഞ്ചേരി കാരക്കുന്ന് മരത്താണി വളവ് സ്ഥിരം അപകട മേഖലയാണെന്ന് പ്രദേശവാസികൾ പറയുന്നു. കോഴിക്കോട് വഴിക്കടവ് സംസ്ഥാന പാതയിൽ ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ ബസ് തൊഴിലാളികൾ ജുനൈദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിന്റെ ഭാഗമായി മലപ്പുറം സ്റ്റേഷനിൽ ഒപ്പിട്ട് വഴിക്കടവിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്.
ഇതിനിടെ, അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തി. അയാളെ പുലഭ്യം പറഞ്ഞുകൊണ്ടുള്ള വീഡിയോകളും പോസ്റ്റുകളും കൊണ്ട് പൊതുമണ്ഡലം നിറഞ്ഞുനിൽക്കുമ്പോഴാണ് അയാൾ മരിച്ച് പോയിരിക്കുന്നത്. മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നുപോലും അറിയില്ലെന്ന് സനൽകുമാർ ശശിധരൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വളരെയേറെ ദുരൂഹതയുള്ള ഒന്നാണ് ഈ മരണം. കുറച്ചുനാൾ മുൻപ് ഒരു ബലാത്സംഗ പരാതിയിൽ ഇയാൾ അറസ്റ്റിലായിരുന്നു. അതുമായി ബന്ധപ്പെട്ട് അയാൾക്കെതിരെയുണ്ടായ ഒരു ഹേറ്റ് കാമ്പെയിൻ ശ്രദ്ധിച്ചപ്പോൾ അത് സ്വാഭാവികമായുണ്ടാകാവുന്നതേക്കാൾ വലിയ അളവിലുള്ളതാണെന്ന് തോന്നി. അയാളുടെ വ്‌ളോഗ് നോക്കാൻ വേണ്ടി കുറേ വാർത്തകൾ തപ്പി. ഒന്നിലും അയാളുടെ മുഴുവൻ പേരില്ല. ഏതാണ് അയാളുടെ വ്‌ളോഗ് എന്നില്ല. വ്‌ളോഗർ ജുനൈദ് അപകടത്തിൽ മരിച്ചു എന്ന് മാത്രം. അയാൾ നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാൻ അയാൾക്ക് കഴിയില്ല' സനൽകുമാർ ശശിധരൻ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |