മാതാപിതാക്കളുടെ പിണക്കം, കളക്ടറെക്കണ്ട കുട്ടികൾക്കായി ഹൈക്കോടതി ഇടപെടൽ

Wednesday 13 May 2026 1:27 AM IST

അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു

കൊച്ചി: പിണങ്ങിക്കഴിയുന്ന അച്ഛനെയും അമ്മയെയും ഒന്നിപ്പിക്കണമെന്നും ഒപ്പം നിറുത്തണമെന്നും ആവശ്യപ്പെട്ട് പാലക്കാട് ജില്ലാകളക്ടറുടെ അടുത്തെത്തിയ കുട്ടികളെ സഹായിക്കാൻ ഹൈക്കോടതി ഇടപെടൽ. പാലക്കാട് തൃത്താല ആനക്കര സ്വദേശികളായ കുട്ടികളുടെ സങ്കടം മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വിഷയത്തിൽ പാലക്കാട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ.ഇ.സാലിഹിൽ നിന്ന് അടിയന്തര റിപ്പോർട്ട് തേടി. പാലക്കാട് ആനക്കര സ്വദേശികളായ പന്ത്രണ്ടും പത്തും എട്ടും വയസുള്ള ആൺകുട്ടികളാണ് തിങ്കളാഴ്ച മുത്തച്ഛനൊപ്പം പാലക്കാട് കളക്ടർ എം.എസ്. മാധവിക്കുട്ടിയെ കാണാനെത്തിയത്. അച്ഛന്റെ സഹോദരിയുടെ മകളായ പന്ത്രണ്ടുകാരിയും ഒപ്പമുണ്ടായിരുന്നു.

പാലക്കാട് ജില്ലയുടെ ചുമതലയുള്ള ജഡ്ജി എന്ന നിലയിലാണ് വിഷയത്തിൽ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഇടപെട്ടത്. ലീഗൽ സർവീസസ് അതോറിട്ടി വഴി മാതാപിതാക്കളെ ഒരുമിപ്പിക്കാൻ സാധിക്കുമോയെന്നാണ് കോടതി പരിശോധിക്കുന്നത്. കളക്ടറുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാനാണ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയോട് നിർദ്ദേശിച്ചിരിക്കുന്നത്.

 രണ്ടുപേരും വേണമെന്ന് മക്കൾ

കുട്ടികളുടെ അമ്മ വിദേശത്തും അച്ഛൻ നാട്ടിലുമാണ്. ഈമാസം ആറിനു നാട്ടിലെത്തിയ അമ്മ കുട്ടികളെ വിദേശത്തേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞു. എന്നാൽ, അച്ഛൻ കൂടെയില്ലെങ്കിൽ വരില്ലെന്ന് കുട്ടികൾ വാശിപിടിച്ചു. എന്നാൽ കുട്ടികളെ മാത്രമേ കൊണ്ടുപോകൂ എന്ന് അമ്മ തീർത്തുപറഞ്ഞു. ഇവർ തമ്മിലുള്ള പിണക്കം മാറ്റാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടർന്നാണ് കുട്ടികൾ കളക്ടറെ കാണാനെത്തിയത്.

വേനലവധിക്ക് അച്ഛനൊപ്പം മക്കൾ വിദേശത്ത് അമ്മയുടെ അടുത്ത് പോയെങ്കിലും അമ്മ വേണ്ടതുപോലെ ശ്രദ്ധിച്ചില്ലെന്നും കുട്ടികൾ കളക്ടറോട് സങ്കടം പറഞ്ഞിരുന്നു. തിരിച്ച് നാട്ടിലെത്തിയ അച്ഛൻ മദ്യപിക്കാൻ തുടങ്ങി. ഇതോടെ മക്കളുടെ കാര്യങ്ങൾ ശ്രദ്ധിക്കാതെയായി. പിന്നീട് കുട്ടികൾ അച്ഛന്റെ കുടുംബവീട്ടിലേക്ക് താമസം മാറുകയായിരുന്നു. കളക്ടറുടെ നിർദ്ദേശപ്രകാരം ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് പ്രതിനിധികൾ കുട്ടികളുമായി സംസാരിച്ച് സംരക്ഷണം ഉറപ്പുനൽകി.