പ്രതികാര നടപടിയുമായി മലപ്പട്ടം പഞ്ചായത്ത്: ടി.കെ. ഗോവിന്ദന്റെ ഭാര്യയുടെ ചിത്രം നീക്കി
കണ്ണൂർ: മലപ്പട്ടം മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രമണിയുടെ ചിത്രങ്ങൾ ഓഫീസ് ചുമരിൽ നിന്ന് നീക്കി. തളിപ്പറമ്പിലെ നിയുക്ത എം.എൽ.എ ടി.കെ. ഗോവിന്ദന്റെ ഭാര്യയാണ്. 2020-25 കാലയളവിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമണിയുടെ ഡോക്യുമെന്റേഷനാണ് സന്ദർശക മുറിയിൽ നിന്നൊഴിവാക്കിയത്.
ലാമിനേഷൻ ചെയ്ത നൂറോളം ചിത്രങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും ചിത്രം ഇതിലുണ്ട്. സംഭവത്തെക്കുറിച്ച് പഞ്ചായത്ത് സെക്രട്ടറി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ടി.കെ. ഗോവിന്ദന്റെ പ്രചരണത്തിൽ പങ്കെടുത്തതിന് ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി അംഗമായിരുന്ന രമണിയെ സി.പി.എം പുറത്താക്കിയിരുന്നു.
'എല്ലാം സ്വാഭാവിക നടപടി"
2025 ഡിസംബറിൽ പുതിയ ഭരണസമിതി അധികാരമേറ്റ ശേഷമുള്ള സ്വാഭാവിക നടപടിയാണിതെന്നാണ് മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് പി.പി. ലക്ഷ്മണന്റെ വിശദീകരണം. കെ.പി. രമണി പാർട്ടി വിടുന്നതിന്റെ രണ്ടു മാസം മുമ്പു തന്നെ ചിത്രങ്ങൾ മാറ്റിയതാണ്. കെ.പി. രമണിക്ക് മുമ്പുള്ളവരുടെയും ചിത്രങ്ങളും മാറ്റിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കം ആ ചിത്രങ്ങളിലുണ്ട്. ഇപ്പോഴത്തേത് അനാവശ്യ വിവാദമാണെന്നും പി.പി. ലക്ഷ്മണൻ കേരള കൗമുദിയോട് പറഞ്ഞു.