ജനകീയ ഹോട്ടലുകൾ അടച്ചു പൂട്ടലിലേക്ക്

Wednesday 20 May 2026 12:21 AM IST

തിരുവനന്തപുരം: 20 രൂപയ്ക്ക് ഊണെന്ന പ്രഖ്യാപനവുമായി ആറ് വർഷം മുൻപ് ആരംഭിച്ച ജനകീയ ഹോട്ടലുകൾ നിലനിൽപ് ഭീഷണിയിൽ. 500ൽ അധികം ജനകീയ ഹോട്ടലുകൾ ഇതിനകം പ്രവർത്തനം നിറുത്തിവച്ചു. പല ഹോട്ടലുകളിലും 40-50 രൂപയാണ് ഇപ്പോൾ ഈടാക്കുന്നത്.

ഓരോ ഊണിനും സർക്കാർ പ്രഖ്യാപിച്ച 10 രൂപ സബ്‌സിഡി രണ്ടു വർഷത്തിലേറെയായി നൽകുന്നില്ല. ഇതോടെ പ്രതിസന്ധിയിലായ

ജനകീയ ഹോട്ടലുകൾക്ക് സാധനവിലയുടെയും പാചക വാതക വിലയുടെയും വർദ്ധന കാരണം പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയാണ്.

2020ൽ വിശപ്പു രഹിത കേരളം പദ്ധതിഅനുസരിച്ച് 1198 ഹോട്ടലുകളാണ് തദ്ദേശ സ്ഥാപങ്ങളുടെ കീഴിൽ ആരംഭിച്ചത്. കുടുംബശ്രീ വനിതകൾ ചേർന്നായിരുന്നു നടത്തിപ്പ്. കറന്റ് ചാർജ്ജ്, വെള്ളക്കരം, കെട്ടിട വാടക എന്നിവ തദ്ദേശസ്ഥാപനങ്ങൾ അടയ്ക്കണമെന്നായിരുന്നു നിർദേശമെങ്കിലും പലയിടത്തും ഇത് നടന്നില്ല. ഇതിന്റെ ബാദ്ധ്യതയും നടത്തിപ്പുകാർക്കായി. 10.90 രൂപയ്‌ക്ക് സപ്ലൈകോ വഴി നൽകിയിരുന്ന സബ്‌സിഡി അരിയുടെ ലഭ്യത കുറഞ്ഞതും കനത്ത തിരിച്ചടിയായി. ഇതോടെ കൂടിയ വിലയ്‌ക്ക് പൊതു വിപണിയിൽ നിന്നും അരി വാങ്ങേണ്ട അവസ്ഥയിലായി കുടുംബശ്രീ വനിതകൾ.

ഊണിന് വിലകൂടിയതോടെ ആവശ്യക്കാർ കുറഞ്ഞു. വില കുറയ്ക്കാനായി പ്രാദേശികമായി കിട്ടുന്ന ചക്ക അടക്കമുള്ള ഉത്പന്നങ്ങൾ ഉപയോഗിച്ച് വിഭവങ്ങൾ ഉണ്ടാക്കിയാണ് പലഹോട്ടലുകളും പിടിച്ചു നില്കുന്നത്. ഇടതു സർക്കാരിന്റെ പദ്ധതിയായതിനാൽ

പുതിയ സർക്കാർ കൈമലർത്തുമോയെന്ന ആശങ്കയിലാണ് നടത്തിപ്പുകാർ.