4 മാസത്തിനിടെ ദാനം ചെയ്തത് 25 ലിറ്റർ മുലപ്പാൽ 'അമ്മ മധുരം' പകർന്ന് ഈ ജെൻസി അമ്മ

Wednesday 03 June 2026 12:16 AM IST

കോഴിക്കോട്: അനേകം പൊന്നോമനകളുടെ വിശപ്പടക്കിയതിന്റെ ചാരിതാർത്ഥ്യത്തിലാണ് മലപ്പുറം വേങ്ങര സ്വദേശിയായ റെജീന സമീർ. സ്വന്തം കുഞ്ഞിന് മുലപ്പാൽ കൊടുക്കാനാവാത്തതിന്റെ വിഷമത്തിൽ നിന്ന് ഈ 20കാരി കരകയറിയത് മറ്റ് കുഞ്ഞുങ്ങൾക്ക് അത് ദാനം ചെയ്തുകൊണ്ട്. 25 ലിറ്റർ മുലപ്പാലാണ് നാലുമാസത്തിനിടെ 180 തവണയായി റെജീന നൽകിയത്.

ഗർഭിണിയായിരിക്കെ ആറാംമാസം ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് റെജീനയെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. 2025 മേയിൽ ആൺകുഞ്ഞിന് ജന്മം നൽകി. ആദ്യ ദിവസങ്ങളിൽ റെജീനയ്ക്ക് മുലപ്പാൽ ഉണ്ടായിരുന്നില്ല. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ചികിത്സ. എന്നാൽ കുഞ്ഞിന് മുലപ്പാൽ നൽകിയപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ പ്രകടമായി. ഇതോടെ കുഞ്ഞിന് പാൽ നൽകേണ്ടെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.

പാൽ കെട്ടിനിൽക്കാൻ തുടങ്ങിയതോടെ റെജീനയ്ക്ക് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടു. വസ്ത്രങ്ങളിലേക്ക് പാൽ ഒഴുകുന്ന അവസ്ഥ. അസഹ്യമായപ്പോൾ പിഴിഞ്ഞുകളയാൻ തുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സുമാരാണ് 'മിൽക്ക് ബാങ്കിനെ" കുറിച്ചും മുലപ്പാൽ ദാനം ചെയ്യുന്നതിനെക്കുറിച്ചും പറഞ്ഞത്. അന്നുമുതൽ ദിവസവും രണ്ടും മൂന്നും തവണയായി മുലപ്പാൽ ശേഖരിച്ച് കൈമാറി. ആഗസ്റ്രിൽ ആശുപത്രി വിട്ടെങ്കിലും കുഞ്ഞിന്റെ പരിശോധനയ്ക്കായി വരുമ്പോഴെല്ലാം ദാനം തുടർന്നു. ഭർത്താവ് സമീറും റെജീനയുടെ തീരുമാനത്തിന് ഒപ്പം നിന്നു.

മകൻ ആരോഗ്യവാൻ

റെജീനയുടെ മകൻ സയാൻ സമീനിന് ഇപ്പോൾ ഒരുവയസായി. നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.​ അമ്മയുടെ മുലപ്പാൽ കുടിച്ചാണ് അവൻ വളരുന്നത്.

എന്റെ കുഞ്ഞിന് പാൽ നൽകാൻ കഴിഞ്ഞിരുന്നില്ല. മറ്റൊരു കുഞ്ഞിന് അത് ഉപകാരപ്പെടുമെങ്കിൽ എന്തുകൊണ്ട് നൽകിക്കൂടാ എന്ന ചിന്തയോടെയാണ് മുലപ്പാൽ ദാനത്തിന് തയ്യാറായത്.

- റെജീന സമീർ