തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി നിർമ്മാണവുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനം. ഇടതുമുന്നണി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. സിപിഐയുടെയും ആർജെഡിയുടെയും എതിർപ്പ് മറികടന്നാണ് ബ്രൂവറി നിർമ്മാണവുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചത്. ആക്ഷേപങ്ങൾ ഒഴിവാക്കി മുന്നോട്ടുപോകണമെന്നും യോഗത്തിൽ തീരുമാനിച്ചു.
ശക്തമായ എതിർപ്പാണ് സിപിഐയും ആർജെഡിയും ഉയർത്തിയതെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുകയായിരുന്നു. കുടിവെള്ളം അടക്കമുന്നയിക്കുന്ന പ്രശ്നങ്ങളിൽ ഒന്നും ആശങ്ക വേണ്ടെന്നും മറ്റ് എന്തെങ്കിലും ആശങ്കകൾ ഉണ്ടെങ്കിൽ സർക്കാർ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയിൽ ആശങ്ക വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും യോഗത്തിൽ വ്യക്തമാക്കി.
എന്നാൽ എലപ്പുള്ളി എന്ന സ്ഥലമാണ് പ്രശ്നമെന്ന് യോഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാടെടുത്തു. ഏലപ്പുള്ളിക്ക് പകരം മറ്റൊരു സ്ഥലം പരിഗണിച്ചൂടെയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ കുടിവെള്ളത്തിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് യോഗത്തിൽ എംവി ഗോവിന്ദൻ നിലപാടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |