ആരോഗ്യരംഗത്ത് സാമൂഹിക പ്രതിബദ്ധത അനിവാര്യം: ഗവർണർ
തൃശൂർ: ആരോഗ്യരംഗത്ത് സാമൂഹിക പ്രതിബദ്ധത അനിവാര്യമാണെന്നും ബിരുദധാരികൾ തൊഴിൽമേഖലയിൽ പ്രാവീണ്യം നേടി സമൂഹനന്മയ്ക്കായി പ്രവർത്തിക്കണമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല സെനറ്റ് ഹാളിൽ നടന്ന 22ാമത് ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ, രജിസ്ട്രാർ പ്രൊഫ. ഡോ. എസ്.ഗോപകുമാർ, പരീക്ഷാ കൺട്രോളർ പ്രൊഫ. ഡോ. എസ്.അനിൽകുമാർ, അക്കാഡമിക് ഡീൻ ഡോ. ആർ.ബിനോജ്, റിസർച്ച് ഡീൻ ഡോ. കെ.എസ്.ഷാജി, സ്റ്റുഡന്റ് അഫയേഴ്‌സ് ഡീൻ ഡോ. ആർ.ആശിഷ് തുടങ്ങിയവർ പങ്കെടുത്തു.
വിവിധ പരീക്ഷകളിൽ ഒന്നാം റാങ്ക് നേടിയ 11 വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു.
395 ആരോഗ്യശാസ്ത്ര സ്ഥാപനങ്ങളിൽ വിവിധ വിഭാഗങ്ങളിലെ 7,457 പേരാണ് ബിരുദം നേടിയത്. ഇതിൽ 2,363 ബിരുദാനന്തര ബിരുദധാരികളും 11 പിഎച്ച്.ഡി ജേതാക്കളും 5,083 ബിരുദധാരികളും ഉൾപ്പെടുന്നു. ഇതോടെ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവരുടെ ആകെ എണ്ണം 1,89,497 ആയി.