ശക്തമായ മഴയെ പോലും അവഗണിച്ച് ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക്; ഇന്നലെ മാത്രം ദർശനം നടത്തിയത് 78,483പേർ
Saturday 14 December 2024 8:31 AM IST
പത്തനംതിട്ട: ശബരിമലയിൽ തുടർച്ചയായ മൂന്നാം ദിവസവും തീർത്ഥാടകരുടെ എണ്ണം 75,000 പിന്നിട്ടു. കനത്ത മഴയെ അവഗണിച്ചും പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് സന്നിധാനത്തേക്ക് ഒഴുകിയെത്തുന്നത്. വൃശ്ചികത്തിലെ തൃക്കാർത്തിക ദിവസമായ ഇന്നലെ 78,483 തീർത്ഥാടകരാണ് ദർശനം നടത്തിയത്.
കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തിൽ തീർത്ഥാടകരുടെ സുരക്ഷ ഏകോപിപ്പിക്കാൻ സംയുക്തതല യോഗം ചേർന്നു. നിലവിൽ തീർത്ഥാടകർക്ക് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല. വനമേഖലയിൽ വഴുക്കൽ ഉള്ളതിനാൽ കാനന പാത വഴി വരുന്ന ഭക്തർ അതീവ ജാഗ്രത പുലർത്തണം എന്ന് നിർദേശമുണ്ട്.