സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരത്തിൽ പെർമിറ്റ്; വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി, കെഎസ്ആർടിസിക്ക് തിരിച്ചടി

Wednesday 06 November 2024 12:02 PM IST

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്റർ ദൂരത്തിൽ മാത്രം പെർമിറ്റ് നൽകിയാൽ മതിയെന്ന മോട്ടോർ വാഹന സ്കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി ഇന്ന് റദ്ദാക്കിയത്. സ്വകാര്യ ബസുടമകൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ്. ഇത് കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്.

140 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ പെർമിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോർവാഹനവകുപ്പിലെ സ്കീം നിയമപരമല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. ദീർഘദൂര റൂട്ടുകളിൽ പെർമിറ്റ് അനുവദിക്കണമെന്നത് സ്വകാര്യ ബസുടമകളുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു.

കോടതി ഉത്തരവോടെ സ്വകാര്യബസുകൾക്ക് 140 കിലാേമീറ്ററിലധികം ദൂരത്തിൽ പെർമിറ്റ് സ്വന്തമാക്കി സർവീസ് നടത്താനാവും. ഇത് കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകളെ അടക്കം ബാധിക്കും. ഇത് കോർപ്പറേഷന്റെ വരുമാനത്തിൽ ഉൾപ്പെടെ പ്രതിഫലിക്കും. ഇപ്പോൾതന്നെ പെൻഷനും ശമ്പളത്തിനുമുളള പണം കണ്ടെത്താനാകാതെ കോർപ്പറേഷൻ വലയുകയാണ്. ദീർഘദൂര സർവീസ് നടത്താൻ കെഎസ്ആർടിസ് സ്വിഫ്റ്റ് അടുത്തിടെ നിരവധി പ്രീമിയം ബസുകൾ പുറത്തിറക്കിയിരുന്നു.