മുണ്ടക്കൈ ടൗൺഷിപ്പ് ആദ്യ കുടുംബത്തിന്റെ ഗൃഹപ്രവേശം

Monday 18 May 2026 12:00 AM IST

കൽപ്പറ്റ: മുണ്ടക്കൈ,​ ചൂരൽമല ദുരന്തബാധിതർക്ക് ഒരുക്കിയ ടൗൺഷിപ്പിൽ ആദ്യ കുടുംബത്തിന്റെ ഗൃഹപ്രവേശം നടന്നു. ഒന്നാം സോണിൽ ഡി ക്ലസ്റ്ററിലെ 38ാം വീട്ടിലാണ് ചൂരൽമല സ്‌കൂൾ റോഡിലെ കെ.വിജയനും കുടുംബവും താമസം ആരംഭിച്ചത്. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയും ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെ.ഒ.അരുണും ഗൃഹപ്രവേശനത്തിന് മുന്നോടിയായുള്ള മുഴുവൻ നടപടിക്രമങ്ങളും കുടുംബത്തിന്റെ സാന്നിദ്ധ്യത്തിൽ പൂർത്തിയാക്കിയിരുന്നു. ഗൃഹോപകരണങ്ങൾ വാങ്ങാനായി സർക്കാർ അനുവദിച്ച ഒരുലക്ഷം രൂപയുടെ സാധനങ്ങളും വീട്ടിലെത്തിച്ചു. ഗുണമേന്മാ പരിശോധന പൂർത്തിയാക്കി വീടുകൾ ഏറ്റുവാങ്ങി കൂടുതൽ കുടുംബങ്ങൾ ടൗൺഷിപ്പിലേക്ക് താമസം മാറാൻ സജ്ജരായിട്ടുണ്ട്. ടൗൺഷിപ്പിൽ 159വീടുകളുടെ സംയുക്ത പരിശോധന പൂർത്തിയായിട്ടുണ്ട്. ബാക്കി 19വീടുകളുടെയും കൂടി ഗുണമേന്മ പരിശോധന പൂർത്തിയാക്കി 178വീടുകളും വരും ദിവസങ്ങളിൽ ഗുണഭോക്താക്കൾക്ക് കൈമാറും.