സ്വത്ത് പിതാവിൽ നിന്ന് കിട്ടിയത്; വ്യക്തി  അധിക്ഷേപത്തിന്  കോൺഗ്രസ്  മറുപടി  പറയണമെന്ന്  ജെയ്ക്  സി  തോമസ്

Wednesday 16 August 2023 10:59 AM IST

കോട്ടയം: സ്വത്തുമായി ബന്ധപ്പെട്ടുള്ള ആരോപണം വ്യക്തിഅധിക്ഷേപമാണെന്ന് പുതുപ്പള്ളി ഇടതുപക്ഷം സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. തനിയ്ക്ക് കിട്ടിയത് പിതാവിന്റെ സ്വത്താണെന്നും വ്യക്തി അധിക്ഷേപത്തിന് കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും ജെയ്ക് ആവശ്യപ്പെട്ടു. കോൺഗ്രസ് സെെബർ സംഘത്തിന്റേത് തരംതാണ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.

ജെയ്ക് സി തോമസ് ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. കോട്ടയം കളക്ടറേറ്റിൽ വരണാധികാരിയായ ആർ ഡി ഒ മുൻപാകെ രാവിലെ 11മണിക്കായിരിക്കും പത്രിക സമർപ്പിക്കുക. ഇടത് കൺവീനർ ഇ പി ജയരാജൻ ഉൾപ്പെടെയുള്ളവർ ജെയ്ക്കിനെ അനുഗമിക്കുമെന്നാണ് റിപ്പോർട്ട്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകളുടെ മുപ്പതാം നാളായ ഇന്ന് പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥനകൾ നടത്തിയ ശേഷമാകും യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പ്രചാരണം തുടങ്ങുക. ബി ജെ പി കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാലാണ് പുതുപ്പള്ളിയിലെ ബി ജെ പി സ്ഥാനാ‌ർത്ഥി. ബി ജെ പി പ്രചാരണത്തിന് നേതൃത്വം നൽകാൻ സംസ്ഥാന പ്രസി‌ഡന്റ് കെ സുരേന്ദ്രൻ ഇന്ന് പുതുപ്പള്ളിയിൽ എത്തും.