തനിക്കെതിരെ ദുരുദ്ദേശ പ്രചാരണം; വ്യാജവാർത്തക്കെതിരെ നിയമനടപടിയെന്ന് കെ സുധാകരൻ

Thursday 09 April 2026 5:08 PM IST

കണ്ണൂർ: തിരഞ്ഞെടുപ്പ് ദിനത്തിൽ കോൺഗ്രസ് ഉപേക്ഷിച്ച് പുതിയ പാർട്ടി രൂപീകരിക്കുമെന്ന തരത്തിൽ ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തകൾ ദുരുദ്ദേശ്യപൂർവം അവതരിപ്പിക്കപ്പെട്ടതാണെന്ന് മുൻ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ എംപി വ്യക്തമാക്കി.

ഒരു ചാനൽ ആദ്യം പടച്ചുവിട്ട അടിസ്ഥാനരഹിതമായ വാർത്ത ചില ഓൺലൈൻ ചാനലുകളും മുഖ്യധാരാ മാദ്ധ്യമങ്ങളുടെ ഓൺലൈനുകളും ഏറ്റുപിടിച്ച് നൽകുകയായിരുന്നു. സത്യം മറച്ചുവച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നീക്കങ്ങൾ മാദ്ധ്യമധർമ്മത്തിന്റെ നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള തന്റെ പ്രതിബദ്ധത അചഞ്ചലമായി തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാരിനെതിരെ ശക്തമായ ജനവികാരം ഇതിനകം രൂപപ്പെട്ടുകഴിഞ്ഞെന്നും യുഡിഎഫ് മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് മടങ്ങിവരുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.