നിതിൻ രാജിന്റെ മരണം; ഇൻസ്റ്റന്റ് പേ ലോൺ ആപ്പ് നടത്തിപ്പുകാരെ സാഹസികമായി പിടികൂടി കേരള പൊലീസ്

Saturday 18 April 2026 8:56 AM IST

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഇൻസ്റ്റന്റ് പേ ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്നുപേർ പിടിയിൽ. ഋഷികേശ് തിവാരി (32), പ്രശാന്ത് ഖേവൽ (28), പ്രകാശ് ജയ് (54) എന്നിവരാണ് പിടിയിലായത്. നോയിഡയിൽ നിന്നാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം നോയിഡയിലെത്തിയ പൊലീസ് സാഹസികമായാണ് പ്രതികളെ പിടികൂടിയത്. നിതിൻ രാജിന്റെ അദ്ധ്യാപികയുടെ പരാതിയിലാണ് അറസ്റ്റ്.

വലിയൊരു ഐടി പാർക്കിന് സമാനമായ രീതിയിലാണ് ഇൻസ്റ്റന്റ് പേ ലോൺ ആപ്പിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. ലോണിന്റെ തിരിച്ചടവ് പരിശോധിക്കാനും വിളിക്കാനുമായി നിരവധി ജീവനക്കാരാണ് ഓഫീസിലുള്ളത്. ഒരേസമയം 35ലേറെ സിം കാർഡുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സംവിധാനവും ഇവർക്ക് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പല നമ്പറുകളിൽ നിന്നായി മാറിമാറി വിളിച്ച് ഭീഷണിപ്പെടുത്തി പണം തിരിച്ചടപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി. 36 ശതമാനത്തിലേറെ പലിശയ്‌ക്കാണ് ഈ ലോൺ കമ്പനി വായ്‌പ നൽകിയിരുന്നത്.

നിതിൻ ലോൺ ആപ്പിൽ നിന്ന് പണം എടുത്തിരുന്നു. പണം എടുക്കുമ്പോൾ റഫറൻസ് നമ്പറായി നൽകിയിരുന്നത് അദ്ധ്യാപികയുടെ ഫോൺ നമ്പറായിരുന്നു. തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ ലോൺ ആപ്പുകാർ അദ്ധ്യാപികയെ നിരന്തരം വിളിക്കുകയും മെസേജ് അയക്കുകയും ചെയ്ത് പ്രയാസപ്പെടുത്തിയിരുന്നു. തുടർന്ന് കോളേജ് പ്രിൻസിപ്പലിന് അദ്ധ്യാപിക പരാതി നൽകി. തുടർന്ന് പ്രിൻസിപ്പൽ നിതിനെ ഓഫീസിലേക്ക് വിളിപ്പിച്ച് മൊബൈൽ ഫോൺ വാങ്ങിവയ്‌ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് നിതിൻ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്.

നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണസംഘം രണ്ട് രീതിയിലാണ് അന്വേഷിക്കുന്നത്. ലോൺ ആപ്പിൽ നിന്നുള്ള ഭീഷണി സംബന്ധിച്ചുള്ള അന്വേഷണത്തിന് സമാന്തരമായി നിതിന് കോളജിലെ അദ്ധ്യാപകരിൽ നിന്ന് നേരിടേണ്ടി വന്ന അധിക്ഷേപത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. നിതിന്റെ കോളജിലെ അദ്ധ്യാപകരായിരുന്ന ഡോ. എൻ റാം, ഡോ. സം​ഗീത നമ്പ്യാർ എന്നിവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.