കരിപ്പൂർ അപകടം; 21 പേരുടെ ജീവനെടുത്ത എയർ ഇന്ത്യ വിമാനം ആക്രിക്കടയിൽ

Wednesday 11 March 2026 12:34 PM IST

മലപ്പുറം: കേരളത്തെയാകെ നടുക്കിയ കരിപ്പൂർ അപകടത്തിൽ തകർന്ന വിമാനം പട്ടാമ്പിയിലെ ആക്രിക്കടയിൽ. അപകടത്തിൽ തകർന്ന എയർ ഇന്ത്യ വിമാനം പൊളിച്ചുമാറ്റുന്നതിനായാണ് പട്ടാമ്പിയിലെത്തിച്ചത്. 2020 ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനാപകടമുണ്ടായത്. വൻ ദുരന്തത്തിൽ 21 പ‌േർ കൊല്ലപ്പെട്ടിരുന്നു.

പത്തുദിവസം മുൻപാണ് വിമാനം ആക്രfക്കടയിൽ എത്തിച്ചത്. നാല് ലോറികളിലായാണ് വിമാനാവശിഷ്ടങ്ങൾ എത്തിച്ചത്. ബാക്കി ഭാഗങ്ങൾ വരാനുണ്ടെന്ന് കടയിലെ ജീവനക്കാർ പറഞ്ഞു. വിമാനം കാണുന്നതിനായി നിരവധിപ്പേർ എത്തുന്നുണ്ടെന്നും ജീവനക്കാർ കൂട്ടിച്ചേർത്തു.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി 35 അടിയോളം താഴ്ച്ചയിലേക്ക് വീണാണ് അപകടമുണ്ടായത്. ദുബായിൽ നിന്ന് രാത്രി 7.45ഓടെ എത്തിയ ഐ.എക്സ് 1344 ദുബായ്- കോഴിക്കോട് ബോയിംഗ് 738 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ ഡി.വി സാഠേയടക്കം ഉൾപ്പെട്ടിരുന്നു. 191 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 185 യാത്രക്കാരിൽ 11 പേർ കുട്ടികളായിരുന്നു.

വിമാനത്താവളത്തിന് പുറത്ത് കൊണ്ടോട്ടി - കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. വീഴ്ചയുടെ ആഘാതത്തിൽ വിമാനം രണ്ടായി പിളർന്നു. കനത്ത മഴയിൽ റൺവേ കാണാനാവാതെ വിമാനം പുറത്തേക്ക് പോയതാണ് അപകട കാരണമായത്. ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് ഇടതുവശത്തേക്ക് തെന്നി നീങ്ങിയതോടെ വീണ്ടും ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കവെ റൺവേയിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.