ചാവക്കാട് : ഗ്ലാസ് ഡോറാണെന്ന് തിരിച്ചറിയാതെ വേഗത്തിൽ അകത്തേക്ക് കടക്കുന്നതിനിടെ, കടയ്ക്ക് മുന്നിലെ ചില്ല് വാതിലിൽ മുഖമിടിച്ച് വീണ് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. ചാവക്കാട് മണത്തല നാഗയക്ഷി ക്ഷേത്രത്തിനടുത്ത് തെരുവത്ത് വെളിയങ്കോട് വീട്ടിൽ ഉസ്മാനാണ് (75) മരിച്ചത്. റിട്ട. നാവികസേനാ ഉദ്യോഗസ്ഥനാണ്. ചാവക്കാട് ബീച്ച് റോഡിൽ പെട്രോൾ പമ്പിന് മുന്നിലെ അജ്ഫാൻ ഡേറ്റ്സ് ആൻഡ് നട്ട്സ് സ്ഥാപനത്തിലേക്ക് കയറുമ്പോൾ ചില്ലുവാതിലിൽ മുഖം ഇടിച്ച ഉസ്മാൻ പിറകിലേക്ക് തലയിടിച്ചു വീഴുകയായിരുന്നു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പരിക്കേറ്റ ഉസ്മാനെ ഉടനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചു. ഭാര്യ: സുഹറ. മക്കൾ: അബ്ദു നാസർ (എൻജിനിയർ, ടെലികമ്യൂണിക്കേഷൻ, അമേരിക്ക), ഡോ.അഷറഫ് (അസി.പ്രൊഫസർ പരിയാരം മെഡിക്കൽ കോളേജ്), ഹസീന (ദുബായ്). മരുമക്കൾ: അമലു, സുമയ്യ (പരിയാരം), സുഹൈൽ (ദുബായ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |