
രണ്ടുലക്ഷത്തിന്റെ ഇൻഹേലർ പിടിച്ചെടുത്തു.
വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം.
തിരുവനന്തപുരം:ആസ്‌മ രോഗികൾ കൂടുതലായി ഉപയോഗിക്കുന്ന ഇൻഹേലറിന്റെ വ്യാജൻ വിപണിയിൽ സുലഭം.സിപ്ല കമ്പനിയുടെ സെറോഫ്‌ളോ റോട്ടകാപ്‌സ് 250 ഇൻഹേലറിന്റെ (SEROFLO Rotacaps 250 Inhaler) വ്യാജനെ കൂട്ടത്തോടെ ഡ്രഗ്സ് കൺട്രോൾ വിഭാഗം പിടികൂടി.തിരുവനന്തപുരം,തൃശൂർ,കോഴിക്കോട് ജില്ലകളിൽ ഒരേസമയം നടത്തിയ പരിശോധനയിലാണ് രണ്ടു ലക്ഷം രൂപയുടെ വ്യാജമരുന്നുകളാണ് പിടികൂടിയത്.
വ്യാജമരുന്ന് സ്റ്റോക്ക് ചെയ്തിരുന്ന തിരുവനന്തപുരം ബാലരാമപുരത്തെ ആശ്വാസ് ഫാർമ,തൃശൂർ പൂങ്കുന്നത്തെ മെഡ് വേൾഡ് ഫാർമ എന്നീ സ്ഥാപനങ്ങൾക്കെതിരെ ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്തു.ഡ്രഗ്സ് ലൈസൻസുകൾ റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ഡ്രഗ്സ് കൺട്രോളർ ഡോ.സുജിത് അറിയിച്ചു.
വിപണിയിൽ 573 രൂപവിലയുള്ള മരുന്നാണിത്.കുറഞ്ഞ വിലയ്ക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ചില ഇടനിലക്കാർ വഴിയാണ് ഇത് കേരളത്തിലെത്തിയത്.കൃത്യമായ ബില്ലോടുകൂടിയാണ് ഇടനിലക്കാർ ഇത് കൈമാറിയത്.എന്നാൽ ഇടനിലക്കാർ ഇത് എവിടെ നിന്ന് വാങ്ങിയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ഇത് കണ്ടെത്താൻ ഡ്രഗ്സ് കൺട്രോൾ വകുപ്പ് ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
സംസ്ഥാനത്തിന് പുറത്തുനിന്നും മരുന്ന് വാങ്ങുന്ന വ്യാപാരികൾ,നിർമ്മാതാവിൽ നിന്നും വ്യാപാരികളുടെ പക്കലേക്ക് എത്തുന്നത് വരെയുള്ള എല്ലാ ബില്ലുകളും സൂക്ഷിക്കണമെന്നും പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കണമെന്നും സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.മതിയായ രേഖകളില്ലെങ്കിൽ നിയമ വിരുദ്ധമായി മരുന്നുകളായി കണക്കാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |