
പേരു ചേർക്കാനുള്ള അവസരം ഉപയോഗിച്ചില്ലെന്ന് ഹൈക്കോടതി
കൊച്ചി: വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയായി യു.ഡി.എഫ് പ്രഖ്യാപിച്ച സംവിധായകൻ വി.എം. വിനു നൽകിയ ഹർജി ഹൈക്കോടതി നിശിത വിമർശനങ്ങളോടെ തള്ളി. പേര് ചേർക്കാൻ പല അവസരങ്ങളുണ്ടായിട്ടും ഹർജിക്കാരൻ നടപടി സ്വീകരിച്ചില്ലെന്ന് കോടതി പറഞ്ഞു. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ല. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
പേരുചേർക്കൽ നടപടികൾ മാദ്ധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് കമ്മിഷൻ പരസ്യപ്പെടുത്തിയിരുന്നതാണ്. സെലിബ്രിറ്റി പത്രം വായിക്കാറില്ലേയെന്നും കോടതി വാക്കാൽ ചോദിച്ചു. സെലിബ്രിറ്റിയായതിനാൽ വിജയിക്കാനും മേയറാകാനും സാദ്ധ്യതയുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു വിമർശനം. പട്ടികയിൽ നിന്ന് നീക്കാൻ ഇതും കാരണമായിട്ടുണ്ടെന്നും വാദമുണ്ടായി. സെലിബ്രിറ്റിയാണോ എന്നതൊന്നും തീരുമാനത്തെ ബാധിക്കുന്ന ഘടകമല്ലെന്ന് കോടതി പറഞ്ഞു. സ്വന്തം വീഴ്ച മറച്ചുവച്ച് മറ്റ് രാഷ്ട്രീയ കക്ഷികളെ കുറ്റപ്പെടുത്തരുതെന്നും ഓർമ്മിപ്പിച്ചു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുടുംബസമേതം വോട്ട് ചെയ്തതാണെന്നും ഇത്തവണ രാഷ്ട്രീയ ഇടപെടലിലൂടെ പേരു വെട്ടിയതാണെന്നുമായിരുന്നു വിനുവിന്റെ വാദം. ഹർജിക്കാരന്റെ പേര് 2020ലെ പട്ടികയിലും ഉൾപ്പെട്ടിരുന്നില്ലെന്നും പുതിയ പട്ടികയിൽ ചേർക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്നും കോഴിക്കോട് കളക്ടർ അറിയിച്ചു. കരട് പട്ടിക വന്ന ശേഷവും പേരു ചേർക്കാൻ സമയമുണ്ടായിരുന്നെങ്കിലും ശ്രമിച്ചില്ല. ഇനി ഉൾപ്പെടുത്താൻ നിയമപരമായി സാദ്ധ്യതയില്ലെന്നും അറിയിച്ചു.
കരട് വോട്ടർ പട്ടികയിൽപോലും പേരില്ലാത്ത ഹർജിക്കാരന് എങ്ങനെയാണ് മത്സരിക്കാനാവുകയെന്ന് കോടതി ചോദിച്ചു. അതു പോലും നോക്കാതെയാണോ വോട്ടു തേടുന്നത്? വൈഷ്ണ കേസിൽ ഹർജിക്കാരിയുടെ പേര് പ്രാഥമിക പട്ടികയിൽ ഉണ്ടായിരുന്നു. പിന്നീടാണ് നീക്കം ചെയ്യപ്പെട്ടത്. ഇതിൽ സ്ഥിതി വ്യത്യസ്തമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിനുവിന്റെ ഹർജി തള്ളിയത്. തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാമെന്നും വ്യക്തമാക്കി. കോർപ്പറേഷന്റെ കല്ലായി ഡിവിഷനിൽ വിനുവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചായിരുന്നു കോൺഗ്രസ് പ്രചാരണം.
വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥി വി.എം.വിനു ഹെെക്കോടതിയിൽ നൽകിയ ഹർജി തള്ളിയ സഹചര്യത്തിൽ പുതിയ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു. മത്സരിക്കണമെങ്കിൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽ വോട്ടുണ്ടാകണമെന്നാണ് വ്യവസ്ഥ.
കല്ലായി വാർഡിൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താൻ ഇന്നലെത്തന്നെ നേതാക്കൾ കൂടിയാലോചന തുടങ്ങി. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ കല്ലായിയിൽ മൂന്നുതവണ വിജയിച്ച സുധാമണിയെ പരിഗണിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. വിനുവിന് പകരം മറ്റൊരു സെലിബ്രിറ്റിയെ മത്സരിപ്പിക്കാനും നീക്കമുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ രണ്ട് ദിവസം ശേഷിക്കേ വിനുവിന് മത്സരിക്കാനാകാത്തത് കോൺഗ്രസിനും യു.ഡി.എഫിനും തിരിച്ചടിയായി.
പോരാട്ടം തുടരും:
പ്രവീൺകുമാർ
കോടതിവിധി മാനിക്കുന്നുവെന്നും വി.എം.വിനുവിന്റെ വോട്ട് ചേർക്കുന്നതിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ് വീഴ്ച പറ്റിയതെന്നും ഡി.സി.സി.പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു. വിനുവിന്റെ ഹർജി തള്ളിയത് കോൺഗ്രസിനെ ബാധിക്കില്ല. കോർപ്പറേഷനിലെ എൽ.ഡി.എഫ് ദുർഭരണത്തിനെതിരെ പോരാട്ടം തുടരും. വിനുവിന്റെ കാരത്തിൽ പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പറഞ്ഞു.
യു.ഡി.എഫിനൊപ്പം: വിനു
അട്ടിമറിയെ തുടർന്നാണ് തനിക്ക് വോട്ടില്ലാതായതെന്ന് വി.എം.വിനു ആവർത്തിച്ചു. കോടതിവിധി മാനിക്കുന്നു. പലവട്ടം വോട്ട് ചെയ്ത വ്യക്തി എന്ന നിലയിൽ പട്ടികയിൽ പേര് ഉണ്ടാകുമെന്നായിരുന്നു വിശ്വാസം. തുടർന്നും യു.ഡി.എഫിനൊപ്പമുണ്ടാകുമെന്ന് വിനു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |