
കണ്ണൂർ: ബി.എൽ.ഒ അനീഷ് ജോർജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ടിൽ ബി.എൽ.ഒ നേരിട്ട രാഷ്ട്രീയ സമ്മർദ്ദം മറച്ചു വച്ചതായി ആരോപണം. അനീഷിനു മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് ബൂത്ത് ഏജന്റ് കളക്ടർക്ക് നൽകിയ പരാതി പുറത്തു വന്നതോടെയാണ് കളക്ടറുടെ റിപ്പോർട്ട് ചർച്ചയായത്.
പയ്യന്നൂർ മണ്ഡലത്തിലെ കാങ്കോൽ -ആലപ്പടമ്പ് പഞ്ചായത്തിലെ 18ാം നമ്പർ ബൂത്തിലെ കോൺഗ്രസ് ഏജന്റ് കെ.വൈശാഖ് നവംബർ എട്ടിന് കളക്ടർക്ക് നൽകിയ പരാതിയിലാണ് അനീഷിന് സി.പി.എമ്മിന്റെ സമ്മർദ്ദമുണ്ടായിരുന്നതായി വ്യക്തമാക്കിയത്. നവംബർ 15നാണ് അനീഷ് ജീവനൊടുക്കിയത്. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണ ജോലികളിൽ കോൺഗ്രസുകാരനായ തന്നെ ഉൾപ്പെടുത്തിയാൽ സി.പി.എം പ്രശ്നമുണ്ടാക്കുമെന്ന ഭയം അനീഷ് പ്രകടിപ്പിച്ചവെന്നായിരുന്നു വൈശാഖിന്റെ പരാതി.ഒരു രാഷ്ട്രീയ പാർട്ടിയുടെ ഏജന്റുമായി മാത്രം ബി.എൽ.ഒ വീടുകൾ സന്ദർശിക്കുന്നത് ക്രമക്കേടിലേക്ക് നയിക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.രേഖാമൂലം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയിട്ടും ഈ വിവരം റിപ്പോർട്ടിൽ കളക്ടർ മറച്ചു വച്ചെന്നാണ് ആരോപണം.
ജോലിയിൽ അനീഷിന് വീഴ്ചയോ സമ്മർദ്ദമോ ഉണ്ടായിട്ടില്ലെന്ന് കളക്ടർ കമ്മിഷന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. ആത്മഹത്യയ്ക്ക് ജോലിയുടെ കാഠിന്യവും സമ്മർദ്ദവുമാണ് കാരണമെന്ന വാദം തള്ളുന്നതാണ് റിപ്പോർട്ട് . അനീഷിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ സി.പി.എം ഭീഷണിയാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇത് സൂചിപ്പിക്കുന്ന ഫോൺ സംഭാഷണവും പിന്നാലെ പുറത്തു വിട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |