# 122 കോടിയുടെ പൈതൃക നഗരപദ്ധതി ഉദ്ഘാടനം ഉടൻ
ആലപ്പുഴ: ആലപ്പുഴയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇനി കനാലുകളിലൂടെ സഞ്ചരിച്ച് കയർ,നാര് മ്യൂസിയങ്ങളിലെ വൈവിദ്ധ്യ കാഴ്ചകൾ കാണാം. 122 കോടി ചെലവിൽ നിർമ്മിക്കുന്ന പൈതൃക പദ്ധതികളായ കയർ, നാര് മ്യൂസിയങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ തീയതി ലഭിച്ചാലുടൻ നടക്കും.
മ്യൂസിയങ്ങളുടെ ടി.വി സ്ക്രീൻ, പ്രൊജക്ടർ, ഹാർഡ്വെയർ ഭാഗങ്ങൾ സജ്ജീകരിച്ചു, സോഫ്ട്വെയർ പ്രവർത്തനങ്ങൾ, വീഡിയോ, ഫോട്ടോ ക്രമീകരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കൊമേഴ്സ്യൽ കനാലിന്റെ വടക്കേക്കരയിൽ കയർ കോർപ്പറേഷൻ കെട്ടിടമുള്ള പഴയ വോൾകാർട്ട് ഫാക്ടറി സമുച്ചയത്തിലാണ് കയർ മ്യൂസിയം. ഡാറാസ്മെയിൽ ഫാക്ടറിയിലാണ് കയർ നാര് മ്യൂസിയം. കയറിന്റെ ചരിത്രം, വിവിധയിനം കയറുകൾ, നിർമ്മാണ രീതികൾ, പരമ്പരാഗത തൊഴിലിലുണ്ടായ മാറ്റങ്ങൾ എന്നിവ ഉൾപ്പെടുത്തിയ മ്യൂസിയങ്ങൾ ചരിത്രാന്വേഷികൾക്ക് പാഠപുസ്തകമാകും. പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സ്വകാര്യ മ്യൂസിയങ്ങൾ ഉൾപ്പെടെ 21 എണ്ണമാണ് വികസിപ്പിക്കുന്നത്.
# കനാലുകളും തിളങ്ങും
നഗരത്തിലെ കനാലുകളിൽ നാലു കിലോമീറ്റർ നവീകരിക്കുന്ന ജോലികൾ തുടങ്ങി. ഇതിന്റെ വശങ്ങളിലാണ് പ്രധാന മ്യൂസിയങ്ങൾ. കനാലിന് ഇരുവശവും നടപ്പാത, സൈക്കിൾ ട്രാക്ക്, പൂന്തോട്ടം, എന്നിവ നിർമ്മിക്കും. കനാലുകളിലൂടെ സഞ്ചരിക്കുമ്പോൾ മ്യൂസിയങ്ങൾ കാണാനുള്ള അവസരമാണ് ഒരുക്കുന്നത്. തുറമുഖ മ്യൂസിയവും അവസാന ഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി ബീച്ചിലെത്തിച്ച കപ്പൽ വൈകാതെ പ്രദർശനത്തിന് സജ്ജമാകും.
എത്രയും വേഗത്തിൽ മ്യൂസിയങ്ങൾ തുറക്കും. നിർമ്മാണങ്ങൾ അവസാനഘട്ടത്തിലാണ്. പൈതൃക പദ്ധതികളിലൂടെ വിനോദ സഞ്ചാര രംഗത്തിന് കൂടുതൽ ഉണർവേകാനാവും
മനോജ് കുമാർ,
മാനേജിംഗ് ഡയറക്ടർ,
മുസിരീസ് പദ്ധതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |